ദാവോസ്: 55-ാമത് ലോക സാമ്പത്തിക ഫോറം ഉച്ചകോടി സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധമേഖലകളില്‍ നിന്നുള്ള മൂവായിരത്തോളം നേതാക്കളാണ് പങ്കെടുക്കാനെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ എന്നതിനെക്കുറിച്ചാണ് പ്രധാന ചര്‍ച്ചകള്‍ ഉയരുന്നത്.
ട്രംപിന്റെ വ്യാപാര താരിഫ് ലോകത്തിന് ഒരു വെല്ലുവിളിയാണ്,’ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം അലോയിസ് സ്വിംഗ്ഗി പറയുന്നു. കാരണം ഉയര്‍ന്ന താരിഫുകള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്ന് ശാസ്ത്രീയമായി വ്യക്തമാണ്. ലോക സാമ്പത്തിക ഫോറത്തിലെ ‘സ്മാര്‍ട്ട് യുഗത്തിനായുള്ള സഹകരണം’ എന്ന ചര്‍ച്ചയില്‍ ട്രംപ് പങ്കെടുക്കും. വ്യാഴാഴ്ച തത്സമയം ബന്ധപ്പെടാനും സ്റ്റേജില്‍ സിഇഒമാരുമായി സംവാദം നടത്താനും പ്രസിഡന്റ് ട്രംപ് സമ്മതിച്ചത് നല്ല സൂചനയായി ഫോറം കാണുന്നു.
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ വിവിധ കമ്പനികളില്‍ നിന്നുള്ള 100ലധികം സിഇഒമാര്‍ എന്നിവരുടെ വിപുലമായ സാന്നിധ്യമുണ്ട്. സംഘത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു വ്യവസായമന്ത്രി പി രാജീവും, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി എന്നിവരുമുണ്ട്. കൂടാതെ ആഗോളകമ്പനികളുടെ മലയാളി വനിതാ മേധാവികള്‍, സ്റ്റാര്‍ട്ട് അപ്പ് യുവ സംരംഭകര്‍, സാമൂഹ്യ സംഘടനാ മേധാവികള്‍ എന്നിവരുടെ സാന്നിധ്യം ഉണ്ട്.