മോസ്കോ: യുക്രെയ്‌നുമായി സമാധാന ചർച്ചകൾ നടത്താമെന്ന സൂചനകൾ നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. മൂന്നു വർഷത്തോളം നീണ്ടു നിന്ന യുദ്ധത്തിനു ശേഷമാണ് സമാധാന ചർച്ചകൾക്കായി പുട്ടിൻ തയാറാകുന്നതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിയമവിരുദ്ധമായി പ്രസിഡന്റ് പദവിയിൽ ഇരിക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയുമായി നേരിട്ടു സംസാരിക്കുന്നതിന് താൻ തയാറല്ലെന്നും പുട്ടിൻ അറിയിച്ചിട്ടുണ്ട്. പുട്ടിന് ചർച്ചകളെ ഭയമാണെന്നും മൂന്നു വർഷത്തോളം നീണ്ടുനിൽക്കുന്ന സംഘർഷം തുടർന്നു കൊണ്ടുപോകാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ നിലപാടെന്നുമാണ് വിഷയത്തിൽ യുക്രെയ്ന്റെ പ്രതികരണം.
അതേസമയം, യുഎസ് പ്രസിഡന്റായി അധികാരമേറ്റ ഡോണൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ ഇരുനേതാക്കളോടും സമ്മർദം ചെലുത്തിയെന്നാണ് സൂചന. യുദ്ധത്തിൽനിന്നും പിന്മാറിയില്ലെങ്കിൽ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ചർച്ചയ്ക്ക് താൻ തയാറാണെന്നു സെലെൻസ്കി അറിയിച്ചിട്ടുണ്ട്.
സെലെൻസ്കി ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ അതിനായി ആളുകളെ അയയ്ക്കാമെന്നാണ് പുട്ടിന്റെ നിലപാട്. സെലെൻസ്കിയുടെ പ്രസിഡന്റ് പദവിയിലെ കാലാവധി അവസാനിച്ചതാണെന്നും അതിനാലാണ് നിയമവിരുദ്ധമെന്നു താൻ വിളിക്കുന്നതെന്നുമാണ് പുട്ടിൻ ചൂണ്ടിക്കാണിക്കുന്നത്. ചർച്ചകൾ നടത്താനും വിട്ടുവീഴ്ച ചെയ്യാനും കഴിയുമെങ്കിൽ ചർച്ചകൾക്ക് ആർക്കും നേതൃത്വം നൽകാമെന്നും പുട്ടിൻ പറയുന്നു. എന്നാൽ ചർച്ചയിൽ തങ്ങളുടെ താൽപര്യങ്ങളുമായി യോജിക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കണമെന്നാണ് പുട്ടിൻ വ്യക്തമാക്കുന്നത്. പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്നു നൽകുന്ന സഹായം അവസാനിപ്പിക്കുകയാണെങ്കിൽ രണ്ടു മാസത്തിനകം യുദ്ധം നിർത്താമെന്നു പുട്ടിൻ നേരത്തേ അറിയിച്ചിരുന്നു.