ലോകത്തിന്റെ ഉള്ളുലച്ച നാപാം പെണ്‍കുട്ടിയുടെ ചിത്രം ഓര്‍മയില്ലേ. വിയറ്റ്‌നാം യുദ്ധത്തിന്റെ പ്രതീകമായ ഈ ചിത്രമെടുത്തത് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ (എപി) ഫോട്ടോഗ്രഫര്‍ നിക്ക് ഉട്ട് ആണെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇപ്പോഴിതാ അരനൂറ്റാണ്ടോളം നീണ്ട മൗനത്തിന് ശേഷം താന്‍ ആണ് ആ ചിത്രം പകര്‍ത്തിയതെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് വിയറ്റ്‌നാമില്‍ നിന്നുള്ള ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ നോയന്‍ ടാന്‍ നെ. തെക്കന്‍ വിയറ്റ്‌നാമില്‍ നാപാം ബോംബ് ആക്രമണത്തില്‍ പൊള്ളലേറ്റ് നഗ്നയായി ഓടുന്ന കിം ഫുക്കിന്റെ ചിത്രം ഇന്നും ലോകത്തിന് മുന്നില്‍ ഒരു നീറ്റലാണ്. ഈ ചിത്രം പിന്നീട് പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിരുന്നു.
യുഎസിലെ യൂട്ടായില്‍ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ‘ദ സ്ട്രിങ്ങര്‍’ എന്ന ഡോക്യുമെന്ററിയിലാണ് ഫ്രീലാന്‍സ്‌ഫോട്ടോഗ്രഫറായ നോയല്‍ ടാന്‍ നെയാണു ചിത്രമെടുത്തതെന്ന് അവകാശപ്പെട്ടിരിക്കുന്നത്.
ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നോയന്‍ ടാന്‍ നെ പങ്കെടുത്തു. താനാണ് നാപാം പെണ്‍കുട്ടിയായ കിം ഫുക്കിന്റെ ചിത്രമെടുത്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. 1972 ജൂണ്‍ എട്ടിനാണ് ഇത് എടുത്തെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇക്കാര്യം വെളിപ്പെടുത്താന്‍ ഇത്ര വൈകിയതെന്തുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഒരു എന്‍ബിസി വാര്‍ത്താ സംഘത്തിന്റെ ഡ്രൈവറായി താന്‍ ആ ദിവസം ട്രാങ് ബാങ് പട്ടണത്തില്‍ പോയിരുന്നുവെന്നും കൈകള്‍ വിരിച്ചുപിടിച്ച് കരഞ്ഞുകൊണ്ട് നഗ്നയായി തെരുവിലൂടെ ഓടുകയായിരുന്ന ഫുക്കിന്റെ ചിത്രം പകര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
20 ഡോളറിന് ഈ ചിത്രം താന്‍ എപിക്ക് വില്‍ക്കുകയായിരുന്നു. ഈ ഫോട്ടോയുടെ ഒരു പ്രിന്റ് അവര്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. പിന്നീട് ഭാര്യ ഇത് നശിപ്പിച്ചു കളഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, നിക്ക് ഊട്ട് അല്ല ആ ചിത്രമെടുത്തത് എന്ന് പറയാന്‍ തക്ക കാരണമൊന്നുമില്ലെന്നും തങ്ങള്‍ സ്വന്തം നിലയ്ക്ക് അന്വേഷിച്ചതാണെന്നും എപി അറിയിച്ചു. ഈ ഫോട്ടോയെക്കുറിച്ചുള്ള എല്ലാ തെളിവുകളും പുതിയ വിവരങ്ങളും പരിശോധിക്കാന്‍ തയ്യാറാണെന്ന് എപി വക്താവ് ലോറന്‍ ഈസ്റ്റണ്‍ അറിയിച്ചു. ഡോക്യുമെന്ററി നിര്‍മാണത്തിനിടെ വെളിപ്പെടുത്തലുകള്‍ നടത്താന്‍ തയ്യാറാക്കിയ കരാറുകള്‍ പിന്‍വലിക്കണമെന്നും അതുവഴി കമ്പനിക്ക് കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയുമെന്നും അവര്‍ ഡോക്യുമെന്റിറിയുടെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എപിയുടെ അപ്പോഴത്തെ ഫോട്ടോ എഡിറ്ററായിരുന്ന കാള്‍ റോബിന്‍സനാണ് ഡോക്യുമെന്ററിയുടെ പ്രധാന സ്രോതസ്. ഈ ചിത്രമെടുത്തത് എപിയുടെ ജീവനക്കാരനാണെന്ന് അവതരിപ്പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നതായും നിക്ക് ഉട്ടിന് ചിത്രത്തിന്റെ അവകാശം നല്‍കുകയായിരുന്നുവെന്നും 81കാരനായ റോബിന്‍സണ്‍ പറഞ്ഞു. 1978ല്‍ റോബിന്‍സണിനെ എപിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
2018ൽ കേരള സർക്കാരിന്റെ മീഡിയ അക്കാദമി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്ത ചിത്ര മേളയില്‍ അതിഥിയായി നിക്ക് ഉട്ട് കേരളത്തിലെത്തിയിരുന്നു. മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.
ഏകദേശം രണ്ടു വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഫ്രഞ്ച് ഫോറന്‍സിക് ടീമായ ഇന്‍ഡെക്‌സിന്റെ നേതൃത്വത്തിലാണ് ഈ ചിത്രമെടുത്തത് നിക്ക് ഉട്ട് ആണോയെന്ന് പരിശോധിച്ചത്. എന്നാല്‍, ചിത്രം ഉട്ട് എടുത്തതാകാന്‍ സാധ്യതയില്ലെന്നാണ് അവര്‍ അറിയിച്ചത്.