കമ്പാല: ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ വീണ്ടും എബോള രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ കമ്പാലയിൽ നഴ്സ് എബോള ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
മുലാഗോ ആശുപത്രിയിലെ 32കാരനായ പുരുഷ നഴ്സാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ദിയാന ആറ്റ്വിൻ പറഞ്ഞു. മരിച്ച നഴ്‌സിൻ്റെ രക്ത പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും രോഗികളുമടക്കം 44 പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു.
രാജ്യത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ആറ്റ്വിൻ പറഞ്ഞു. നേരത്തേ പലതവണ രാജ്യത്ത് എബോള സ്ഥിരീകരിച്ചിരുന്നു. 2000ൽ രോഗം നൂറുകണക്കിന് പേരുടെ ജീവനെടുത്തു. 2014-16 വരെയുള്ള കാലയളവിൽ 11,000ത്തിലേറെ പേരാണ് രോഗം ബാധിച്ച് മരിച്ചത്.