ദുബായ്: ഇന്ത്യന്‍ പാസ്പോർട്ട് ഉടമകള്‍ക്ക് യുഎഇയിലേക്കുള്ള പ്രീ അപ്രൂവുഡ് വീസ ഓൺ അറൈവൽ സൗകര്യം പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഇന്നലെ മുതൽ ഈ സൗകര്യം നിലവില്‍ വന്നു. അതേസമയം തെരഞ്ഞെടുത്ത ഇന്ത്യന്‍ പാസ്പോർട്ട് ഉടമകൾക്കാണ് ഈ സൗകര്യം ലഭ്യമാകുക.
സാധുതയുള്ള ആറ് മാസത്തെ യു എസ് വിസ, യു എസ് ഗ്രീൻ കാർഡ്, ഇ യു റെസിഡൻസി അല്ലെങ്കിൽ യു കെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് മാത്രമായാണ് ഈ സേവനം ലഭ്യമാവുക. വിസ അനുവദിക്കുന്നത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) സമ്പൂർണ വിവേചനാധികാരത്തിൽ തുടരുമെന്നും എമിറേറ്റ്സ് അറിയിച്ചു.
എമിറേറ്റസ് വിമാനത്തിലെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പ്രീ അപ്രൂവുഡ് വീസ ഓൺ അറൈവലിനായി അപേക്ഷിക്കാം. ഇതിനുള്ള സൗകര്യം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വിനോദ കേന്ദ്രങ്ങളിലേക്ക് സൗജന്യ പാസ് നല്കുന്ന പദ്ധതിയും എമിറേറ്റ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാര്‍ക്ക് എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാസുകളാണ് കമ്പനി സൗജന്യമായി നല്‍കുന്നത്.
ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് എമിറേറ്റ്സ് വഴിയോ ട്രാവൽ ഏജന്റുമാർ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബുക്കിങ് പൂർത്തിയായശേഷം വെബ്സൈറ്റിലെ ‘മാനേജ് എൻ എക്സിസ്റ്റിങ് ബുക്കിങ്’ എന്ന ഭാഗത്തെ യുഎഇ വിസക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി അപേക്ഷിക്കാം. നിലവിൽ 167 പ്രതിവാര സർവിസുകൾ എമിറേറ്റ്സ് ഇന്ത്യയിലെ ഒമ്പത് പ്രദേശങ്ങളിലേക്കായി നടത്തുന്നുണ്ട്. യാത്രക്കാരെ ദുബായിലേക്കും തുടർന്ന് ലോകത്തെ 140 ലധികം ലക്ഷ്യസ്ഥാനങ്ങിലേക്കും ബന്ധിപ്പിക്കുന്നതാണിത്.
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, മുംബൈ, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്ക് സർവിസുണ്ട്.