യുകെയിലെ ചരിത്ര പ്രധാനമായ വിഗ്മോർ കോട്ട ഏറ്റവും കുറഞ്ഞ വിലയിൽ വിൽപ്പനയ്ക്ക്. 1067ൽ ഹിയർഫോർഡ് പ്രഭുവും വില്യം രാജാവിന്റെ വിശ്വസ്തനുമായ വില്യം ഫിറ്റ്സ് ഓസ്ബേണാണ് ഈ കോട്ട നിർമ്മിച്ചത്. നിരവധി രാജ കുടുംബപ്രതിനിധികൾ ജീവിച്ച വിഗ്മോർ കോട്ട 4 കോടി രൂപയ്ക്കാണ് വിൽക്കാനൊരുങ്ങുന്നത്. മുൻപ് പറഞ്ഞിരുന്നതിൽ നിന്നും 44 ലക്ഷത്തോളം രൂപ കുറച്ചാണ് പുതിയ വില പരസ്യപ്പെടുത്തിയിരിക്കുന്നത്.
956 വർഷം പഴക്കമുള്ള വിഗ്മോർ 29.84 ഏക്കർ ഭൂമിയിലാണ് നിലകൊള്ളുന്നത്. ഗ്രേഡ് വൺ (Grade 1) ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോട്ട വാങ്ങുന്നവർക്ക് കോട്ടയോടൊപ്പമുള്ള വനപ്രദേശങ്ങളും ജൗസ്റ്റിംഗ് ഫീൽഡും (Jousting Field) ഉൾപ്പെടുന്ന വലിയ മൈതാനങ്ങളും ലഭിക്കും. കൂടാതെ വസ്തുവിലുള്ള ഒരു കളപ്പുരയെ സ്വകാര്യ വഴിയിലൂടെ പ്രവേശിക്കാൻ കഴിയുന്ന രണ്ട് കിടപ്പ് മുറികളുള്ള കെട്ടിടമാക്കി മാറ്റാനുള്ള അനുമതിയും വാങ്ങുന്നവർക്ക് ലഭിക്കും.
സ്റ്റേറ്റ് സെക്രട്ടറിയുടെ കീഴിലുള്ള വസ്തുക്കളിൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്ന നിയമം നിലനിൽക്കുന്നതുകൊണ്ട് വാങ്ങുന്നവർ കോട്ടയുടെ മൈതാനത്തിൽ പൊതു ജനങ്ങളെ പ്രവേശിപ്പിക്കണം. ഏറെ പഴക്കമുള്ളതുകൊണ്ട് തന്നെ കോട്ടയുടെ ചുറ്റുപാടും സസ്യങ്ങളുടെയും മറ്റ് ജീവികളുടെയും വലിയൊരു ആവാസവ്യവസ്ഥ തന്നെ രൂപപ്പെട്ടിട്ടുണ്ട്. കളപ്പുരയെ രണ്ട് കിടപ്പുമുറികളുള്ള കെട്ടിടമാക്കി മാറ്റാനുള്ള അനുമതിയോടെ ഗ്രേഡ് വൺ ലിസ്റ്റിലെ കോട്ട വിൽക്കുന്നത് അത് വാങ്ങുന്നവരെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് സണ്ടർലാൻഡ് എസ്റ്റേറ്റ് (Sunderland Estate) ഏജന്റുമാരുടെ പ്രതിനിധി അഭിപ്രായപ്പെട്ടു.