ക്വാലാലംപൂര്‍: യാചകനായ മലേഷ്യന്‍ യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ അമ്പരന്നുപോയി സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്‌മെന്റ് അധികൃതര്‍.
പ്രതിമാസ സര്‍ക്കാര്‍ അലവന്‍സ് വര്‍ഷങ്ങളായി മുടക്കമില്ലാതെ ലഭിച്ചിട്ടും സ്വാധീനമില്ലാത്ത കൈകള്‍ കാണിച്ച് ഭിക്ഷാടനം തുടരുകയും താന്‍ ബധിരനുമാണെന്നും നടിച്ച് സഹതാപത്തിലൂടെ പണം യാചിച്ച് ലക്ഷ്വറി കാര്‍ വരെ സ്വന്തമാക്കുകയും ചെയ്ത യുവാവിനെക്കുറിച്ചാണ് വെല്‍ഫെയര്‍ ഡിപാര്‍ട്‌മെന്റ് ഫേസ്ബുക്കില്‍ കുറിച്ചത്. മലേഷ്യയിലെ മാറന്‍ നഗരത്തിലെ ശ്രീജയ നൈറ്റ് മാര്‍ക്കറ്റിലാണ് സംഭവം.
മാറനിലെ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്‌മെന്റ് അധികൃതര്‍ കഴിഞ്ഞ ദിവസം പതിവുപോലെ ഭിക്ഷാടന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടയിലാണ് ഇരുകൈകളും സ്വാധീനമില്ലാത്ത, ബധിരനും സംസാരശേഷിയുമില്ലാത്ത യുവാവിനെ തെരുവില്‍ കണ്ടത്. മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ക്കിടയില്‍ കാത്തുനിന്ന് കടന്നുപോകുന്നവരില്‍നിന്നും പണം യാചിക്കുകയായിരുന്നു യുവാവ്. ഉദ്യോഗസ്ഥര്‍ ഇയാളെ സമീപിക്കുകയും എന്തിനാണ് ഭിക്ഷയെടുക്കുന്നതെന്നും താങ്കള്‍ക്ക് അലവന്‍സ് ലഭിക്കുന്നില്ലേയെന്നും അന്വേഷിച്ചു. മറുപടിയൊന്നും ലഭിച്ചില്ല. ബധിരനാണെന്നും സംസാരശേഷിയില്ലെന്നുമാണ് തങ്ങള്‍ക്ക് ആദ്യം തോന്നിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇയാലുടെ കേള്‍വിക്കോ സംസാരത്തിനോ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. ഐഡന്റിറ്റി കാര്‍ഡ് വാഹനത്തിലാണെന്നും കൊണ്ടുവന്ന് കാണിക്കാമെന്നും യുവാവ് പറഞ്ഞു. ഇയാള്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥരും വാഹനത്തിനടുത്തേക്ക് നീങ്ങി. വാഹനം കണ്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടിയത്, പ്രോട്ടോണിന്റെ എക്‌സ്70 എന്ന കാറിന്റെ പ്രീമിയം പതിപ്പായിരുന്നു അത്. ലക്ഷ്വറി കാര്‍ തന്റേതാണെന്ന് യുവാവ് സമ്മതിച്ചു.
വിശദ അന്വേഷണത്തില്‍ യുവാവിന്റെ വിലാസവും മറ്റു വിവരങ്ങളുമെല്ലാം അധികൃതര്‍ ശേഖരിച്ചു. 2001 മുതല്‍ ഇയാള്‍ക്ക് പ്രതിമാസം എട്ടായിരത്തോളം രൂപ ഭിന്നശേഷി അലവന്‍സ് ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി. 4 മുതല്‍ 5 മണിക്കൂര്‍ വരെ നൈറ്റ് മാര്‍ക്കറ്റുകളില്‍ ഭിക്ഷ യാചിച്ചാല്‍ തനിക്ക് 9000 രൂപ വരെ സമ്പാദിക്കാന്‍ സാധിക്കാറുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. ഇയാളെ മുന്നറിയിപ്പ് നല്‍കി അധികൃതര്‍ വിട്ടയച്ചിരിക്കുകയാണ്.