ഓട്ടവ : യുക്രൈൻ അധിനിവേശത്തിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി മെലനി ജോളി പ്രഖ്യാപിച്ചു. 10 വ്യക്തികൾക്കും 153 റഷ്യൻ സ്ഥാപനങ്ങൾക്കുമെതിരെയാണ് ഉപരോധം ഏർപ്പെടുത്തുന്നത്. യു.കെ., യു.എസ്. എന്നിവയുമായി സഹകരിച്ചാണ് കാനഡ ഉപരോധം പ്രഖ്യാപിച്ചത്.
സാമ്പത്തിക-ലോജിസ്റ്റിക്‌സ് ഉപരോധത്തിലൂടെ റഷ്യൻ സൈന്യത്തെ പിന്തുണയ്ക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നതായി മെലനി ജോളി പ്രസ്താവനയിൽ പറഞ്ഞു. റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിനായി ഗവേഷണ, ഉത്പാദന, അറ്റകുറ്റപ്പണികളും മറ്റ് ചരക്കുകളും സേവനങ്ങളും നൽകുന്ന സ്ഥാപനങ്ങൾക്കാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി.
കാനഡയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ്, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ റഷ്യയെ ലക്ഷ്യമിട്ട് 500 പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു.