കുർത്തയിൽ അറബിയിൽ എഴുതിയിരുന്ന വാക്യങ്ങൾ ഖുറാനിൽ നിന്നുള്ളവയാണെന്നു തെറ്റിദ്ധരിച്ച് ആൾക്കൂട്ടം സ്ത്രീയെ ആക്രമിച്ചു. പാകിസ്ഥാനിലെ ലാഹോറിലെ ഒരു റെസ്റ്ററന്റിലാണ് സംഭവം. തന്റെ ഭർത്താവിനോപ്പം ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയാണ് ആൾക്കൂട്ട അക്രമണത്തിന് ഇരയായത്.
കുർത്തയിലെ അറബിക് പ്രിന്റുകൾ ഖുറാൻ വാക്യങ്ങളാണെന്ന് തെറ്റിദ്ധരിച്ച ആളുകൾ സ്ത്രീയെ തടയുകയും ഖുറാനോട് സ്ത്രീ അനാദരവ് കാട്ടിയെന്നും ആരോപിക്കുകയും ചെയ്തു. ആൾക്കൂട്ടം സ്ത്രീയ്ക്ക് മുന്നിൽ മുദ്രാവാക്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
പിന്നീട് പോലീസെത്തിയാണ് ജനക്കൂട്ടത്തെ സമാധാനിപ്പിക്കുകയും സ്ത്രീയെ റെസ്റ്ററന്റിന് പുറത്തെത്തിക്കുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പോലീസ് പങ്കുവച്ച വീഡിയോയിൽ എഎസ്പിയായ സെയ്ദാ ഷെഹർബാനോ നഖ്വി റെസ്റ്ററന്റിലേക്ക് പോകുന്നതും സ്ത്രീയെ സുരക്ഷിതമായി പുറത്തേക്ക് എത്തിക്കുന്നതും കാണാം. സ്ത്രീയെ സുരക്ഷിതയാക്കാനായി ആൾക്കൂട്ടത്തിലേക്ക് ചെന്ന നഖ്വിയെ പോസ്റ്റിൽ പോലീസ് അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
പാകിസ്ഥാനിലെ നിയമപാലകർക്കുള്ള പരമോന്നത പുരസ്കാരമായ ക്വയ്ദ്-ഇ-അസം (Quaid-e-Azam) ബഹുമതിക്കായി നഖ്വിയുടെ പേര് നിർദ്ദേശിച്ചിട്ടുണ്ട്. എക്‌സിൽ പ്രചരിക്കുന്ന വീഡിയോയിൽ ആൾക്കൂട്ടത്തിന്റെ പെരുമാറ്റത്തെ പലരും അപലപിച്ചു. പാകിസ്ഥാനിൽ ആളുകൾ സംശയം കൊണ്ട് പോലും അക്രമണങ്ങളും കൊലപാതങ്ങളും നടത്തുന്നുവെന്നായിരുന്നു ഒരാളുടെ പ്രതികരണം.
ആ സ്ത്രീ ചെയ്ത കുറ്റം എന്താണെന്നു ചോദിച്ച ഒരാളോട് സംഭവം ഒരു രാജ്യം സൃഷ്ടിച്ച തമാശയാണെന്നും അറബിയിൽ എഴുതിയ വസ്ത്രമാണ് യുവതി ധരിച്ചിരുന്നത്, അവ ഖുറാനിലെ വാക്യങ്ങളാണെന്ന് ചില ഇസ്ലാം മതവിശ്വാസികൾ കരുതി എന്നും മറ്റൊരാൾ പ്രതികരിച്ചു.