4000 വര്‍ഷം പഴക്കമുള്ളലിപ്സ്റ്റിക് ഇറാനില്‍ നിന്ന് ഗവേഷക സംഘം കണ്ടെത്തി. ഇറാനിലെ ജിറോഫ്റ്റ് പ്രദേശത്തെ ഗവേഷകരാണ് ലിപ്സ്റ്റിക് ട്യൂബ് കണ്ടെത്തിയത്. ഇത് ഇറാനിലെ മാര്‍ഹാസി സംസ്‌കാരത്തിന്റെ സൗന്ദര്യവര്‍ധക സമ്പ്രദായങ്ങളിലേക്ക് വെളിച്ചം വീശുന്ന തെളിവാണിതെന്നാണ് ശാസ്ത്ര സംഘത്തിന്റെ വിലയിരുത്തൽ.
2001ല്‍ തെക്കുകിഴക്കന്‍ ഇറാന്റെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ഹലീല്‍ നദി കരകവിഞ്ഞൊഴുകിയാണ് വെള്ളപ്പൊക്കമുണ്ടായത്. ഇതിന് ശേഷം ഇവിടുത്തെ ശ്മശാനങ്ങളില്‍ നിന്നും മറ്റുമായി നിരവധി അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. അക്കൂട്ടത്തിലാണ് മനോഹരമായി അലങ്കരിച്ച കല്ല് കൊണ്ടുള്ള ഒരു ലിപ്സ്റ്റിക് ട്യൂബ് ലഭിച്ചത്.
നിലവില്‍ ജെറോഫ്റ്റിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലാണ് ഈ ലിപ്സ്റ്റിക് ട്യൂബ് സൂക്ഷിച്ചിരിക്കുന്നത്. മെസോപൊട്ടോമിയന്‍ രേഖകളില്‍ പറയുന്ന മാര്‍ഹസി സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളിലൊന്നാണ് ഈ ലിപ്സ്റ്റിക് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
പുരാതന ഇറാനിലെ ജനങ്ങള്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. സോര്‍മെ എന്ന കറുത്ത പൊടിയില്‍ നിന്ന് ഉണ്ടാക്കിയെടുത്ത ഐലൈനര്‍ അന്നത്തെ സ്ത്രീകളും പുരുഷന്‍മാരും ഉപയോഗിച്ചിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. കവിളിലും പുരികങ്ങളിലും അവര്‍ പലതരം പൊടികളും ഉപയോഗിച്ചിരുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
ആധുനിക കാലത്തിലെന്ന പോലെ പുരാതന ഇറാനിലും സൗന്ദര്യവർധകവസ്തുക്കള്‍ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് വിപണിയിലെത്തിച്ചിരുന്നത് എന്ന് വേണം ഈ ലിപ്സ്റ്റികിന്റെ രൂപത്തില്‍ നിന്ന് അനുമാനിക്കാന്‍ സാധിക്കുന്നതെന്ന് പാഡുവ സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകനായ മാസിമോ വിഡാലെ പറഞ്ഞു.
ലിപ്സ്റ്റികിന്റെ രാസപരിശോധനകളും ഗവേഷകര്‍ നടത്തിയിരുന്നു. ഹേമറ്റൈറ്റ്, മാംഗനൈറ്റ്, ബ്രൗണൈറ്റ്, ഗലീന, സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന മെഴുക്, എന്നിവയുടെ മിശ്രിതമാണ് ലിപ്സ്റ്റികില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇന്നത്തെ ലിപ്സ്റ്റിക് മിശ്രിതത്തിലെ ഘടകങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.