ലാഹോര്‍: പഞ്ചസാര മില്‍ അഴിമതി കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെയും മകന്‍ ഹംസ ഷഹബാസിനെയും കോടതി കുറ്റവിമുക്തരാക്കി. എട്ട് വര്‍ഷം മുമ്പത്തെ കേസിലെ പരാതിക്കാരന്‍ പിന്‍മാറിയതോടെയാണ് അഴിമതി വിരുദ്ധ കോടതി ജഡ്ജി സര്‍ദാര്‍ മുഹമ്മദ് ഇഖ്ബാലിന്റെ വിധി.
ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിട്ടില്ലെന്നും കേസിനെ കുറിച്ച് അറിയില്ലെന്നും പരാതിക്കാരനായ സുല്‍ഫിക്കര്‍ അലി കോടതിയില്‍ പറഞ്ഞു. അധികാരം ദുര്‍വിനിയോഗം ചെയ്തതിലൂടെ പൊതുഖജനാവിന് 200 ദശലക്ഷത്തിന്റെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ ഷഹബാസിനും ഹംസക്കുമെതിരെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് 2018ല്‍ കേസെടുത്തത്.
പഞ്ചാബിലെ റംസാന്‍ പഞ്ചസാര മില്ലുകളുടെ ഉടമകളാണ് ഹംസയും ഇളയ സഹോദരന്‍ സുലൈമാനും. അന്ന് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഷഹബാസ് ഇവരുടെ മില്ലുകളുടെ ഉപയോഗത്തിനായി ചിനിയോട്ട് ജില്ലയില്‍ അഴുക്കുചാല്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയെന്നാണ് കേസ്. 2018ല്‍ ഷഹബാസും 2019 ഹംസയും അറസ്റ്റിലായി. പിന്നീട് ലാഹോര്‍ ഹൈകോടതി അവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. 2022ല്‍ ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ മാറിയതിന് പിന്നാലെ കേസ് മുന്നോട്ടുകൊണ്ടുപോകുന്നത് പ്രോസിക്യൂഷന്‍ അവസാനിപ്പിച്ചു.