ന്യൂയോര്‍ക്ക്: അമേരിക്ക സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്‌ലോറിഡയില്‍നിന്ന് ന്യൂ ഓര്‍ലിയാന്‍സിലെ എന്‍.എഫ്.എല്‍ സൂപ്പര്‍ ബൗളിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിലെ പ്രധാന സ്റ്റീല്‍ കയറ്റുമതി രാജ്യങ്ങളായ കാനഡ, ഇന്ത്യ, ചൈന, യു.കെ ഉള്‍പ്പെടെയുള്ളവരെ പ്രതികൂലമായി ബാധിക്കുന്നതാണ് ട്രംപിന്റെ പുതിയ തീരുമാനം.
‘യു.എസിലേക്ക് വരുന്ന എല്ലാവിധ സ്റ്റീലുകള്‍ക്കും 25 ശതമാനം തീരുവ ചുമത്തും. സമാന തീരുവ അലൂമിനിയത്തിനും ഏര്‍പ്പെടുത്തും’ -ട്രംപ് പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ പരസ്പര താരിഫ് പദ്ധതി നടപ്പാക്കും. പരസ്പര താരിഫ് ഏതെല്ലാം രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ ചുമത്തുന്ന താരിഫ് നിരക്കുകള്‍ക്ക് തുല്യമായി യു.എസ് ഈടാക്കുമെന്നും ഇത് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് 130 ശതമാനം തീരുവ ചുമത്തുമ്പോള്‍ തിരിച്ച് ഒരുപൈസ പോലും യു.എസ് ഈടാക്കുന്നില്ല. ഇനി അങ്ങനെയാകില്ല കാര്യങ്ങളെന്നും ട്രംപ് പറഞ്ഞു. കാനഡ, മെക്‌സികോ, ചൈന എന്നീ രാജ്യങ്ങളുമായി തുടക്കമിട്ട തീരുവ യുദ്ധം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ട്രംപ് നല്‍കുന്നത്.