വത്തിക്കാന്‍ സിറ്റി: സായുധ സേന, പോലീസ്, സുരക്ഷാപ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ ജൂബിലിയാചരണത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സമൂഹ ദിവ്യബലിയിൽ പാത്രിയാർക്കീസുമാർ, കർദ്ദിനാളുന്മാർ, മെത്രാന്മാർ, വൈദികർ എന്നിവർ സഹകാർമ്മികരായിരിന്നു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 3000 സേനാംഗങ്ങള്‍ റോമിലെ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു.സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിലെ വിശുദ്ധ കുർബാനയ്ക്കിടെ, ആർച്ച് ബിഷപ്പ് റാവേലി, മാർപാപ്പ തയ്യാറാക്കിയ പ്രസംഗം വായിച്ചു. സമൂഹത്തിന്റെ ജീവിതത്തെ താറുമാറാക്കുന്ന വിവിധ തരത്തിലുള്ള അക്രമങ്ങൾക്കെതിരെ പോരാടുന്നതിൽ നിങ്ങള്‍ മുൻപന്തിയിലാണെന്നും പ്രകൃതിദുരന്തങ്ങൾ, പരിസ്ഥിതി സംരക്ഷണം, കടലിലെ രക്ഷാപ്രവർത്തനങ്ങൾ, ദുർബലരായവരുടെ സംരക്ഷണം, സമാധാനം പ്രോത്സാഹിപ്പിക്കൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ഓര്‍ക്കുകയാണെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു.
സൈനികർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ധാർമ്മികവും ആത്മീയവുമായ പിന്തുണ നൽകുന്ന ചാപ്ലിന്മാരെയും സന്ദേശത്തില്‍ പാപ്പ അനുസ്മരിച്ചു. നിങ്ങളുടെ അരികിൽ ആഗ്രഹിക്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യം നല്‍കാനും നിങ്ങൾക്ക് കേൾക്കാന്‍ അനുകമ്പയുള്ള ചെവി നൽകാനും, നിങ്ങളുടെ ദൈനംദിന സേവനത്തിൽ നിങ്ങളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കുന്നതിന് ചാപ്ലിൻമാരെ നന്ദിയോടെ ഓര്‍ക്കുകയാണെന്ന് പാപ്പ പറഞ്ഞു. ജീവൻ രക്ഷിക്കാനും സംരക്ഷിക്കാനുമുള്ള തങ്ങളുടെ ലക്ഷ്യം ഒരിക്കലും കൈവിടാത്ത സമാധാന പ്രവർത്തകരാകാൻ ധൈര്യം കാണിക്കണമെന്ന ആഹ്വാനത്തോടെയാണ് പാപ്പയുടെ സന്ദേശം അവസാനിപ്പിച്ചത്.