സിയോള്‍: ദക്ഷിണകൊറിയന്‍ നടി കിം സെ റോണിനെ (24) മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പ്രാദേശിക സമയം അഞ്ചോടെയാണ്കിം സെ റോണിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്താണ് താരത്തിന്റെ മരണവിവരം പൊലീസിനെ അറിയിച്ചത്.മരണത്തില്‍ ദുരൂഹതയില്ലെന്നാണ് സൂചന. മരണകാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
ദി മാന്‍ ഫ്രം നോവേര്‍, എ ഗേള്‍ അറ്റ് മൈ ഡോര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കിം സെ റോണ്‍. 2009-ല്‍ പുറത്തിറങ്ങിയ എ ബ്രാന്‍ഡ് ന്യൂ ലൈഫ് എന്ന ചിത്രത്തിലൂടെ ഒമ്പതാം വയസ്സില്‍ ബാലതാരമായാണ് കിം സെ റോണ്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. 2023-ല്‍ പുറത്തിറങ്ങിയ ബ്ലഡ്ഹൂണ്ട്സ് ആണ് അവസാന സീരീസ്. 2022 മേയിൽ സിയോളില്‍ മദ്യപിച്ച് വാഹനമോടിച്ച് അതിക്രമം കാണിച്ച കേസിനെ തുടര്‍ന്ന് കിം സെ റോണ്‍ പൊതുവേദികളില്‍നിന്ന് വിട്ടുനിന്നിരുന്നു. താരം ഓടിച്ചിരുന്ന കാറ് ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുകയറുകയും നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയുമുണ്ടായി. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട കിം പരസ്യമായി ക്ഷമാപണം നടത്തുകയും അഭിനയ ജീവിതത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.