ചെന്നൈ: വിമാനത്തിലെ ശുചിമുറിയില്‍ നിന്നുള്ള ദുര്‍ഗന്ധം സഹിച്ച് യാത്ര ചെയ്യേണ്ടി വന്ന ദമ്പതിമാര്‍ക്ക് വിമാനകമ്പനി 2.6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. വിസ്താര വിമാനത്തില്‍ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത പിആര്‍ ബാലസുബ്രഹ്‌മണ്യം-ലോബമുദ്ര ദമ്പതികളുടെ പരാതിയിലാണ് വിധി.
2023 മാര്‍ച്ച് മാസത്തിലാണ് പരാതിക്കാര്‍ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് വിസ്താര വിമാനത്തില്‍ യാത്ര ചെയ്തത്. വിമാനത്തില്‍ കയറിയപ്പോള്‍ തന്നെ ശുചിമുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയായിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു. ടേക്ക് ഓഫിന് മുമ്പ് ജീവനക്കാര്‍ അത് വൃത്തിയാക്കുമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ മറ്റ് യാത്രക്കാര്‍ ശുചിമുറി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ദുര്‍ഗന്ധം രൂക്ഷമായി. ഒപ്പം 15 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടതും.
ആസ്ത്മ രോഗിയാണ് ലോബമുദ്ര. ശുചിമുറിയില്‍ നിന്ന് ദുര്‍ഗന്ധം രൂക്ഷമായതോടെ ലോബമുദ്രയ്ക്ക് തലവേദനയും തൊണ്ടവേദനയും ശ്വാസംമുട്ടലും അനുഭവപ്പെടാന്‍ തുടങ്ങി. ദുര്‍ഗന്ധം രൂക്ഷമായതോടെ ലോബമുദ്രയും മറ്റ് യാത്രക്കാരും ഫ്‌ളൈറ്റിലെ ജീവനക്കാരില്‍ ഒരാളോട് ഇക്കാര്യം പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
ഇതോടെ ഫ്‌ളൈറ്റിലെ ജീവനക്കാരന്‍ ശുചിമുറിയില്‍ റൂം ഫ്രഷ്‌നര്‍ അടിച്ചു. എന്നാല്‍ ഇത് കുറച്ച് മിനിറ്റുകള്‍ മാത്രമാണ് നീണ്ടുനിന്നതെന്നും അതിന് ശേഷം ദുര്‍ഗന്ധം വീണ്ടും രൂക്ഷമാകാന്‍ തുടങ്ങിയെന്നും ലോബമുദ്ര നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതോടെ എത്രയും പെട്ടെന്ന് ശുചിമുറി വൃത്തിയാക്കണമെന്ന് ഇവര്‍ ഫ്‌ളൈറ്റിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. താനൊരു ആസ്ത്മ രോഗിയാണെന്നും ഇത്തരം ദുര്‍ഗന്ധം സഹിക്കാനാകില്ലെന്നും ലോബമുദ്ര ഫ്‌ളൈറ്റിലെ ജീവനക്കാരോട് പറഞ്ഞു. യാത്രക്കാര്‍ ശുചിമുറി തുടര്‍ന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് സാധിക്കില്ലെന്ന് ഫ്‌ളൈറ്റിലെ ജീവനക്കാര്‍ പറഞ്ഞു.
ദുര്‍ഗന്ധം രൂക്ഷമായതോടെ ലോബമുദ്രയ്ക്ക് ശ്വാസതടസമുണ്ടായി. തുടര്‍ന്ന് തങ്ങളുടെ സീറ്റ് മാറ്റി നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദമ്പതികളുടെ ഈ ആവശ്യം ഫ്‌ളൈറ്റിലെ ജീവനക്കാര്‍ തള്ളി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഫ്‌ളൈറ്റില്‍ നിന്നിറങ്ങിപ്പോകുമെന്ന് ബാലസുബ്രഹ്‌മണ്യം പറഞ്ഞു. ഇങ്ങനെ ഇറങ്ങിപ്പോയാല്‍ മറ്റൊരു സുരക്ഷാ പരിശോധനയ്ക്ക് കൂടി വിധേയമാകേണ്ടിവരുമെന്ന് ഫ്‌ളൈറ്റ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.
നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്. വിമാനം ഉയര്‍ന്നതിനുശേഷവും 20 മിനിറ്റോളം ദുര്‍ഗന്ധത്തിന് ശമനമുണ്ടായില്ല. ദുര്‍ഗന്ധം കാരണം തങ്ങള്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റിയില്ലെന്ന് പരാതിക്കാര്‍ പറഞ്ഞു.
വിമാനകമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ ചൂണ്ടിക്കാട്ടി ദമ്പതിമാര്‍ ചെന്നൈ നോര്‍ത്ത് ഉപഭോക്തൃ തര്‍ക്കപരിഹാരം കമ്മീഷനെ സമീപിച്ചു. വിമാന കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് നിരീക്ഷിച്ച കമ്മീഷന്‍ ദമ്പതികള്‍ക്ക് 2.5 ലക്ഷം രൂപ നഷ്ടപരിഹാരവും 5000 രൂപ വീതം കോടതിവ്യവഹാര ചെലവും നല്‍കണമെന്ന് വിസ്താരയോട് ആവശ്യപ്പെട്ടു.