സന്ദര്‍ശകരെ പറ്റിക്കാനായി ചൈനയിലെ ഒരു മൃഗശാല കഴുതയെ പെയിന്റടിച്ച് സീബ്രയാക്കിയതായി റിപ്പോര്‍ട്ട്. മൃഗശാല അധികൃതരുടെ കള്ളത്തരം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കൈയ്യോടെ പിടികൂടിയതോടെ സംഭവം വിവാദമായിരിക്കുകയാണ്. ചൈനയിലെ ഷാഡോംഗ് പ്രവിശ്യയിലെ സിബോ സിറ്റിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി മാറ്റിയത്. ഈ ‘സീബ്ര’യുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് കഴുതയുടെ ശരീരത്തില്‍ കറുപ്പും വെളുപ്പും പെയിന്റുകളടിച്ചത്. എന്നാല്‍ പെയിന്റിംഗിലെ ഒരു പാളിച്ചയാണ് സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. കഴുതകളുടെ ശരീരത്തില്‍ മാത്രമാണ് പെയിന്റടിച്ചിട്ടുള്ളത്. ഇവയുടെ മുഖത്ത് പെയിന്റടിക്കാന്‍ ഇവര്‍ വിട്ടുപോയി. ഇതോടെ ഒറ്റനോട്ടത്തില്‍ തന്നെ ഇത് കഴുതയാണെന്ന് സന്ദര്‍ശകര്‍ക്കും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കും മനസിലായി.
തട്ടിപ്പ് കൈയോടെ പിടികൂടിയതോടെ വിശദീകരണവുമായി മൃഗശാല അധികൃതര്‍ രംഗത്തെത്തി. സന്ദര്‍ശകരെ പറ്റിക്കുന്നതിനായി ചെയ്ത ഒരു തമാശയാണെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം ഒരു മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായാണ് കഴുതയെ പെയിന്റടിച്ച് സീബ്രയാക്കിയതെന്ന് മൃഗശാലയിലെ ജീവനക്കാരില്‍ ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞു. സന്ദര്‍ശകരെ മൃഗശാലയിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നും ചില ജീവനക്കാര്‍ പറഞ്ഞു.’’ മൃഗശാല ഉടമ ഒരു തമാശയ്ക്ക് ചെയ്തതാണിത്,’’ എന്ന് ഒരു ജീവനക്കാരന്‍ പറഞ്ഞു.
അതേസമയം വീഡിയോ വൈറലായിട്ടും മൃഗശാലയിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണം വളരെ കുറവാണെന്ന് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ സന്ദര്‍ശകരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയും അതിനായി മൃഗങ്ങളോട് അന്യായമായി പെരുമാറുകയും ചെയ്ത മൃഗശാലയുടെ നടപടിയെ ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി.
നേരത്തെ ചൈനയിലെ ഒരു മൃഗശാലയില്‍ ഒരു നായയെ പാണ്ടയുടെതായ രൂപമാറ്റം വരുത്തി സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു. മാര്‍ക്കറ്റിംഗിന് വേണ്ടിയായിരുന്നു ഈ രൂപമാറ്റം.
ഈജിപ്റ്റിലെ കെയ്‌റോവിലുള്ള മൃഗശാലയിലും കഴുതയെ പെയിന്റടിപ്പിച്ച് സീബ്രയാക്കാന്‍ ശ്രമം നടന്നിരുന്നു. 2018ലാണ് സംഭവം നടന്നത്. എന്നാല്‍ കഴുതയുടെ മുഖത്തും ചെവിയിലും പെയിന്റടിക്കാന്‍ ഇവര്‍ വിട്ടുപോയി. അതോടെ മൃഗശാലയുടെ കള്ളക്കളി സന്ദര്‍ശകര്‍ തിരിച്ചറിഞ്ഞു.