ബെയ്റൂട്ട് : തെക്കൻ ലബനനിലെ അഞ്ചു തന്ത്രപ്രധാനകേന്ദ്രങ്ങളിൽ സൈന്യം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. വെടിനിർത്തൽ കരാർ പ്രകാരം ലബനനിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറേണ്ട അവസാനദിവസം ചൊവ്വാഴ്ച്ചയായിരുന്നു .
വടക്കൻ ഇസ്രയേലിലെ ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണു ചില കേന്ദ്രങ്ങളിൽ സൈന്യം താൽക്കാലികമായി തുടരുന്നതെന്നും ഇതിന് അമേരിക്കൻ പിന്തുണയുണ്ടെന്നും ഇസ്രയേൽ പറഞ്ഞു.കരാർ പ്രകാരം അതിർത്തിയിലെ ബഫർസോണിൽ യുഎൻ സമാധാനസേനയും ലബനൻ സൈന്യവുമാണു കാവൽ നിൽക്കേണ്ടത്. കരാർ ഇസ്രയേൽ പാലിക്കണമെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ ആവശ്യപ്പെട്ടു.
ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് വിലക്ക് ലബനൻ നീട്ടി.അതേസമയം, ഗാസയിൽ മരിച്ച 4 ബന്ദികളുടെ മൃതദേഹങ്ങൾ നാളെ ഇസ്രയേലിനു കൈമാറും. ശനിയാഴ്‌ച 7 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ കൈമാറേണ്ട 33 ബന്ദികളിൽ 8 പേർ മരിച്ചെന്നാണ് ഇസ്രയേലിനു ലഭിച്ച വിവരം.