ഡമാസ്കസ്: സിറിയയിലെ ക്രൈസ്തവർ ജീവിക്കുന്ന കടുത്തപ്രതിസന്ധിയിലെന്ന് യൂറോപ്യൻ മെത്രാൻസമിതി . നിലവിലെ സ്ഥിതിയിൽ ആശങ്കയറിയിച്ച് യൂറോപ്യൻ മെത്രാൻസമിതികളുടെ സംയുക്തസംഘടനയുടെ പ്രെസിഡന്റ് ബിഷപ് മരിയാനോ ക്രൊച്ചാത്ത.
സിറിയയിലെ ഹോംസ് അതിരൂപതാദ്ധ്യക്ഷൻ യൂലിയാൻ ഷാക്ക് മുറാദ് അയച്ച കത്തിന് മറുപടിയിലാണ് ക്രൊച്ചാത്ത ആശങ്ക വ്യക്തമാക്കിയത്. സിറിയയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഒഴിച്ചുകൂടാനാകാത്ത ഭാഗമായ ക്രൈസ്തവസമൂഹങ്ങൾ, തങ്ങളുടെ ജന്മനാട്ടിൽ, ചരിത്രപരമായ തങ്ങളുടെ തുടർച്ചയ്‌ക്കെതിരെയുള്ള നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് ബിഷപ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.. സിറിയയിലെ ക്രൈസ്തവസാന്നിദ്ധ്യം ക്ഷയിക്കുന്നത്, രാജ്യത്തിന് മാത്രമല്ല, സമീപപ്രദേശങ്ങളിലെയും ലോകത്തിന്റെ തന്നെയും സുസ്ഥിരതയ്ക്ക് ഭീഷണിയുയർത്തുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
യൂറോപ്യൻ യൂണിയനും, അന്താരാഷ്ട്രസമൂഹവും, സിറിയയിലെ ക്രൈസ്തവസമൂഹങ്ങളുൾപ്പെടെയുള്ളവർ നേരിടുന്ന പ്രതിസന്ധികൾ തിരിച്ചറിഞ്ഞ്, അവിടുത്തെ ജനത്തിന്റെ, പ്രത്യേകിച്ച് ദുർബലരായ സ്ത്രീകളുടെയും കുട്ടികളുടെയുമുൾപ്പെടെയുളളവരുടെസുരക്ഷഉറപ്പാക്കാൻ ശ്രമിക്കണമെന്ന് യൂറോപ്യൻ മെത്രാൻസമിതികളുടെ സംയുക്തസംഘടനാ പ്രെസിഡന്റ് ആവശ്യപ്പെട്ടു.
ഇത് നിലവിലുള്ള മാനവികപ്രതിസന്ധിക്കുള്ള താത്കാലിക പരിഹാരം ലഭ്യമാക്കി മാത്രമല്ല, സമാധാനസ്ഥാപനത്തിനും, പുനരുദ്ധാരണത്തിനുമായുള്ള നീണ്ടുനിൽക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ടുവേണമെന്ന് അദ്ദേഹം വിശദീകരിച്ചു.