ടെൽ അവീവ്: ഇസ്രയേലിൽ ബസുകളിൽ സ്ഫോടന പരമ്പര. ടെൽ അവീവിന്റെ പ്രാന്ത പ്രദേശമായ ബാത് യാമിലും ഹോളോണിലും നിർത്തിയിട്ടിരുന്ന മൂന്ന് ബസുകളില്‍ വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. ആളപായമില്ല. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പൊലീസ് പറഞ്ഞു.
മറ്റു രണ്ട് ബസുകളിലെ സ്ഫോടക വസ്തുക്കൾ പൊലീസ് നിർവീര്യമാക്കിയിട്ടുണ്ട്. ഒക്ടോബർ 7ലെ ആക്രമണത്തിൽ ബന്ദികളാക്കിയവരിൽ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രയേലിനു കൈമാറിയതിനു പിന്നാലെയാണ് സ്ഫോടനങ്ങൾ.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായും വെസ്റ്റ് ബാങ്കിൽ പരിശോധന നടത്താൻ സൈന്യത്തിന് നിർദേശം നൽകിയതായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.