കീവ് : യുക്രെയ്ൻ യുദ്ധ വാർഷികാചരണത്തിൽ പിന്തുണയുമായി യൂറോപ്യൻ യൂണിയൻ എത്തിയപ്പോൾ ചടങ്ങിൽ നിന്ന് വിട്ട് നിന്ന് അമേരിക്ക. റഷ്യൻ അധിനിവേശത്തിന്റെമൂന്നാം വാർഷികത്തിൽ യുക്രെയ്നിനു പിന്തുണ തുടരുമെന്നു പ്രഖ്യാപിച്ച് യൂറോപ്യൻ രാജ്യങ്ങൾ. അമേരിക്ക വിട്ടുനിന്ന വാർഷിക അനുസ്മരണത്തിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
യുക്രെയ്ൻയുദ്ധവാർഷികാചരണത്തോടനുബന്ധിച്ച യുക്രെയ്ൻ യുഎന്നിൽ അവതരിപ്പിച്ച പ്രമേയം പിൻവലിക്കണമെന്നും പകരം യുഎസ് പ്രമേയത്തെ പിന്തുണയ്ക്കണമെന്നും സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് ആവശ്യപ്പെട്ടു. അധിനിവേശ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ സേന ഉടൻ പിൻവാങ്ങണം എന്നാവശ്യപ്പെടുന്നതാണ് യുക്രെയ്ൻ പ്രമേയം.
റഷ്യൻ അധിനിവേശത്തെക്കുറിച്ചു പരാമർശിക്കാത്തതാണ് യുഎസ് പ്രമേയം. റഷ്യയുടെയും യൂറോപ്യൻ യൂണിയന്റെയും പ്രമേയങ്ങളെ വീറ്റോ ചെയ്യുമെന്നും സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് പറഞ്ഞു.
യുക്രെയ്ൻ വിഷയത്തിൽ യുഎസ് നിലപാടുമാറ്റം യൂറോപ്യൻ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി . യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ ‘ഏകാധിപതി’ എന്നു വിശേഷിപ്പിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സഹായത്തിനു പകരം അപൂർവ ധാതുലവണങ്ങൾ നൽകണമെന്ന് വിലപേശുകയുമാണ്. യുക്രെയ്നിനെയും യൂറോപ്യൻ രാജ്യങ്ങളെയും ഒഴിവാക്കി റഷ്യയുമായി സൗദിയിൽ ചർച്ച നടത്തി വെടിനിർത്തൽ ഉടമ്പടിക്കു ശ്രമിക്കുന്നു. യുദ്ധവാർഷിക അനുസ്മരണത്തിനെത്തിയ യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വാൻഡർലെയ്ൻ ഉൾപ്പെടെയുള്ള നേതാക്കൾ റഷ്യൻ അധിനിവേശത്തെ അപലപിച്ചു.
ഇതിനിടെ ഫ്രാൻസിലെ മാഴ്സെക്സെ നഗരത്തിലെ റഷ്യൻ കോൺസുലേറ്റിനു നേരെ രണ്ടു നാടൻ ബോംബേറ് ഉണ്ടായി. ഒരെണ്ണം പൊട്ടിയെങ്കിലും ആർക്കും പരുക്കില്ല. കോൺസുലേറ്റിൻ്റെ ഭിത്തിയിൽ തട്ടി പൂന്തോട്ടത്തിലാണ് ബോംബുകൾ വീണത്. ഭീകരാക്രമണമാണെന്ന് റഷ്യ ആരോപിച്ചു.