സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് എക്സ് മേധാവി ഇലോണ്‍ മസ്‌കിന് (Elon Musk) ജയിലിൽ നിന്ന് കത്ത് അയച്ച് സുകേഷ് ചന്ദ്രശേഖര്‍ (Sukesh Chandrasekhar). നിരവധി തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് നിലവില്‍ തിഹാർ ജയിലിൽ തടവുശിക്ഷ അനുഭവിച്ച് വരികയാണ് സുകേഷ് ചന്ദ്രശേഖര്‍. ചന്ദ്രശേഖര്‍ ജയിലില്‍ നിന്ന് ഒരു കത്ത് എഴുതുന്നത് ഇതാദ്യമല്ല. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബോളിവുഡ് നടി ജാക്വലിന്‍ ഫെർണാണ്ടസ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ക്കും സുകേഷ് നേരത്തെ കത്തയച്ചിട്ടുണ്ട്.
“ഇന്നത്തെ ഈ പദവിയും അഭിമാനവും ഉപയോഗിച്ച് ഞാന്‍ പറയുന്നു, ഹേ ഇലോണ്‍ നിങ്ങളുടെ കമ്പനിയായ എക്‌സില്‍ നൂറ് കോടി ഡോളര്‍ ഉടനടിയും അടുത്ത വര്‍ഷം നൂറ് കോടി ഡോളറും നിക്ഷേപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ആകെ 200 കോടി ഡോളര്‍ നിക്ഷേപമായി ലഭിക്കും,” കത്തില്‍ സുകേഷ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എക്‌സില്‍ താന്‍ നിക്ഷേപം നടത്തുന്നതിലൂടെ താന്‍ ഒരു ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും സുകേഷ് കൂട്ടിച്ചേര്‍ത്തു.
മസ്‌കിനെ ‘എന്റെ പുരുഷന്‍’ (My man) എന്ന് വിശേഷിപ്പിച്ച സുകേഷ് ട്രംപ് ഭരണകൂടത്തിന് കീഴില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി(ഡോജ്)യുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിക്കുകയും ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തന്റെ ‘മൂത്ത സഹോദര’നെന്നാണ് കത്തില്‍ സുകേഷ് വിളിച്ചത്.
‘‘ഇലോണ്‍ ഞാന്‍ നിങ്ങളെ ശരിക്കും ബഹുമാനിക്കുന്ന ഒരാളാണ്. നിങ്ങള്‍ ധീരനാണ്, ടാങ്ക്മാനാണ്, ബുള്ളറ്റ്പ്രൂഫ് ആണ്. നിങ്ങള്‍ സൃഷ്ടിച്ചതെല്ലാം അത്ഭുതങ്ങൾ നിറഞ്ഞതാണ്. അതിന്റെ ഭാഗമാകുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും താത്പര്യമുള്ളതും മഹത്തായ കാര്യവുമായിരിക്കും’’, സുകേഷ് കത്തിൽ പറഞ്ഞു. താന്‍ നിക്ഷേപിക്കാന്‍ സൂചിപ്പിച്ച തുക എക്‌സിന്റെ മൂല്യനിര്‍ണയത്തിന് കീഴില്‍ വരില്ലെന്നും പക്ഷേ മസ്‌കിന്റെ നേതൃത്വത്തില്‍ കമ്പനി കൈവരിക്കാന്‍ പോകുന്ന അത്ഭുതകരമായ ഭാഗ്യത്തിന്റെ നിക്ഷേപമാണെന്നും സുകേഷ് വ്യക്തമാക്കി. എക്‌സിന്റെ മൂല്യം അപ്രതീക്ഷിത ഉയരങ്ങളിലേക്ക് എത്തുമെന്ന് തനിക്ക് അറിയാമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം ആദ്യം ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ടമാന് മുന്നില്‍ സമാനമായ രീതിയില്‍ ഒരു നിക്ഷേപ നിര്‍ദേശം സുകേഷ് മുന്നോട്ട് വെച്ചിരുന്നു. ഉടനടി നൂറ് കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് വാഗ്ദാനം ചെയ്തത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഓപ്പണ്‍എഐയുടെ പ്രവര്‍ത്തനങ്ങളിലേക്കായി 200 കോടി ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്നും സുകേഷ് അറിയിച്ചിരുന്നു.