പാകിസ്ഥാനെതിരേ യുഎന്നില്‍ കടുത്ത വിമര്‍ശനവുമായി ഇന്ത്യ. പാകിസ്ഥാന്‍ പരാജയപ്പെട്ട രാജ്യമാണെന്നും അന്താരാഷ്ട്ര സഹായങ്ങളെ ആശ്രയിച്ചാണ് അത് നിലനില്‍ക്കുന്നതെന്നും ഇന്ത്യ പറഞ്ഞു. യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ(യുഎന്‍എച്ച്ആര്‍സി) 58-ാമത് സെഷനില്‍ ഏഴാമത്തെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യ. ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ക്ഷിതിജ് ത്യാഗിയാണ് പാകിസ്ഥാനെതിരേ വിമര്‍ശനം ചൊരിഞ്ഞത്. പാക് നേതൃത്വം അവരുടെ സൈനിക-ഭീകരവാദ നേതൃത്വങ്ങളുടെ നിര്‍ദേശപ്രകാരം നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘‘പാകിസ്ഥാന്റെ നേതാക്കളും പ്രതിനിധികളും അവരുടെ സൈനിക-ഭീകരവാദ നേതൃത്വം നല്‍കുന്ന നുണകള്‍ പ്രചരിപ്പിക്കുന്നത് തുടരുന്ന് ഖേദകരമാണ്. ഒഐസിയെ തങ്ങളുടെ വക്താവായി ദുരുപയോഗം ചെയ്തുകൊണ്ട് പാകിസ്ഥാന്‍ അവരെ പരിഹസിക്കുകയാണ്. അന്താരാഷ്ട്ര സഹായത്തോടെ അതിജീവിക്കുന്ന ഒരു പരാജയപ്പെട്ട രാഷ്ട്രം ഈ കൗണ്‍സിലിന്റെ സമയം പാഴാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അവരുടെ സംസാരത്തില്‍ കാപട്യവും മനുഷ്യത്യരഹിതമായ പ്രവര്‍ത്തനങ്ങളും കഴിവില്ലായ്മയും നിറഞ്ഞിരിക്കുന്നു. ജനാധിത്യം, പുരോഗതി, ജനങ്ങളുടെ അന്തസ്സ് ഉറപ്പാക്കല്‍ എന്നിവയിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ പഠിക്കേണ്ട മൂല്യങ്ങളാണിത്,’’ ത്യാഗി പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ
ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യഘടകമായിരിക്കുമെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ മേഖലയിലുണ്ടായിരിക്കുന്ന പുരോഗതി അത് സ്വയം കാണിച്ചുതരുന്നതായും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ അശാന്തി നിലനില്‍ക്കുന്നതായി പാകിസ്ഥാൻ നേരത്തെ അവകാശപ്പെട്ടിരുന്നു.
‘‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജമ്മു കശ്മീര്‍ നേടിയ അഭൂതപൂര്‍വമായ രാഷ്ട്രീയ, സമൂഹിക, സാമ്പത്തിക പുരോഗതി സ്വയം സംസാരിക്കുന്നു. പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയാല്‍ മുറിവേറ്റ ഒരു പ്രദേശം സാധാരണനിലയിലേക്ക് മടക്കി കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ് ഈ വിജയങ്ങള്‍. മനുഷ്യാവകാശ ലംഘനങ്ങള്‍, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കല്‍, ജനാധിപത്യ മൂല്യങ്ങളുടെ തകര്‍ച്ച എന്നിവ പാകിസ്ഥാന്റെ നയങ്ങളുടെ ഭാഗമാണ്. കൂടാതെ, യുഎന്‍ തീവ്രവാദികളായി അംഗീകരിച്ചവരെ ധിക്കാരപൂര്‍വം സംരക്ഷിക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ സ്വീകരിച്ചിരിക്കുന്നത്,’’ ത്യാഗി പറഞ്ഞു.
ഇന്ത്യയോടുള്ള അനാരോഗ്യകരമായി താത്പര്യം പ്രകടിപ്പിക്കുന്നതിന് പകരം സ്വന്തം ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ഭരണവും നീതിയും നല്‍കുന്നതിന് പാകിസ്ഥാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസിഡറായ പര്‍വ്വതനേനി ഹരീഷ് ഫെബ്രുവരി 19ന് പാകിസ്ഥാനെതിരേ ശക്തമായ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യയുടെ ഏറ്റവും പുതിയ പ്രസ്താവന വന്നിരിക്കുന്നത്.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ ഒരു തുറന്ന സംവാദത്തിനിടെയാണ് ഹരീഷ് പാകിസ്ഥാനെതിരേ ശക്തമായ പരാമര്‍ശം നടത്തിയത്. പാകിസ്ഥാന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ജമ്മു കശ്മീരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെയാണ് അദ്ദേഹം ശക്തമായി എതിര്‍ത്തത്. ‘‘പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ അവിഭാജ്യമായ ഒരു ഭാഗത്തെക്കുറിച്ച്-ജമ്മു കശ്മീര്‍ കേന്ദ്രഭരണപ്രദേശത്തെക്കുറിച്ച്- പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ഞാന്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു,’’ ഹരീഷ് പറഞ്ഞു.