ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ മദ്രസയിൽ ജുമ നമസ്കാരത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. ഇരുപതിലേറെ പേർക്ക് പരുക്കേറ്റു. . മദ്രസയിലെ പ്രധാന ഹാളിൽ നടന്ന സ്ഫോടനത്തിൽ പുരോഹിതർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദാറുൽ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്.
1947ൽ മതപണ്ഡിതൻ മൗലാന അബ്ദുൽ ഹഖ് ഹഖാനി സ്ഥാപിച്ച മദ്രസയിലാണ് സ്ഫോടനം നടന്നത്. മുൻ പാക്ക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ വധത്തിൽ ഈ മദ്രസയിലെ ഏതാനും വിദ്യാർഥികൾക്ക് പങ്കുണ്ടെന്ന്
അക്കാലത്ത് ആരോപണമുയർന്നിരുന്നു. അക്കാലം മുതൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു മദ്രസ പ്രവർത്തിച്ചിരുന്നത്.ചാവേർ ആക്രമണമാണ് നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഐസിസി ചാംപ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത് പാക്കിസ്ഥാൻ ആയതിനാൽ സ്ഫോടന വിവരം രാജ്യാന്തര തലത്തിലും വലിയ ചർച്ചയായിരിക്കുകയാണ്. സ്ഫോടനത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അപലപിച്ചു.