എൻജിനിലേക്ക് യാത്രക്കാരൻ നാണയങ്ങള്‍ എറിഞ്ഞതിനെ തുടർന്ന് വിമാനം നാല് മണിക്കൂർ വൈകി. സന്യയിൽ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട ചൈന സതേൺ എയർലൈൻസ് വിമാനത്തിലാണ് സംഭവം. മാർച്ച് 6ന് പ്രാദേശിക സമയം രാവിലെ 10 മണിക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. എന്നാൽ യാത്രക്കാരൻ നാണയങ്ങൾ എറിഞ്ഞതായി ആരോപണം ഉയരുകയും സുരക്ഷാ പരിശോധനയ്ക്കിടെ എൻജിനിൽ നിന്ന് നാണയങ്ങൾ കണ്ടെത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോയും ചില മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ഫ്ലൈറ്റിൻ്റെ ജീവനക്കാരിൽ ഒരാൾ എഞ്ചിനിലേക്ക് നാണയങ്ങൾ എറിഞ്ഞ യാത്രക്കാരനെ ചോദ്യം ചെയ്യുന്നത് ഈ വീഡിയോയിൽ കാണാം. എഞ്ചിനിൽ എത്ര നാണയങ്ങൾ ആണ് എറിഞ്ഞതെന്നും ആ വ്യക്തിയോട് ചോദിക്കുന്നുണ്ട്. മൂന്ന് മുതൽ അഞ്ച് വരെ നാണയങ്ങൾ എഞ്ചിനിലേക്ക് എറിഞ്ഞതായാണ് യാത്രക്കാരന്റെ വെളിപ്പെടുത്തൽ. എന്നാൽ അവയിൽ എത്രയെണ്ണം കണ്ടെത്തിയെന്ന് ചൈന സതേൺ എയർലൈൻസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം സംഭവത്തെ തുടർന്ന് വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്ന ജീവനക്കാർ സമഗ്രമായ സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. ടേക്ക്ഓഫിന് മുമ്പ് യാതൊരുവിധ സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്ന് ഉറപ്പുവരുത്തിയതായും എയർലൈനിൻ്റെ കസ്റ്റമർ സർവീസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. അങ്ങനെ നീണ്ട പരിശോധനകൾക്ക് ശേഷം ഏകദേശം 2:16 നാണ് വിമാനം ബെയ്ജിംഗിലേക്ക് പുറപ്പെട്ടത്. യാത്രക്കാരനെ പിന്നീട് എയർപോർട്ട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
പിന്നാലെ, ഇത്തരം അപരിഷ്കൃതമായ പെരുമാറ്റങ്ങൾ പാടില്ലെന്നും വിമാനത്തിലേക്ക് നാണയങ്ങൾ എറിയുന്നതുപോലുള്ള ഇത്തരം പ്രവൃത്തികള്‍ വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും സതേണ്‍ എയർലൈൻസ് ബുധനാഴ്ച വ്യക്തമാക്കി. എന്നാൽ ഇത്തരത്തിൽ വിമാനത്തിലേക്ക് നാണയങ്ങൾ എറിയുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതുമായ സംഭവം ആദ്യമായല്ല. കഴിഞ്ഞവർഷം ഒക്ടോബറിലും ഒരു യാത്രക്കാരൻ വിമാനത്തിന്റെ എഞ്ചിനിലേക്ക് നാണയങ്ങൾ എറിയുന്നത് കണ്ടതിനെത്തുടർന്ന് ചൈന സതേൺ എയർലൈൻസിൻ്റെ മറ്റൊരു വിമാനത്തിനും ഗ്വാങ്‌ഷൂവിൽ നിന്ന് വൈകി പുറപ്പെടേണ്ടി വന്നിരുന്നു.