സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് ന്യൂസീലൻഡിലെ ഓക്ലൻഡിലേക്ക് പറക്കുകയായിരുന്ന വിമാനം ശക്തമായി കുലുങ്ങിയതിനെ തുടർന്ന് നിരവധിപ്പേർക്ക് പരുക്കേറ്റു.
സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം കുത്തനെ മൂക്കുകുത്തി കുറേ ദൂരം താഴേക്ക് പതിച്ചെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. സാധാരണ സംഭവിക്കാറുള്ളതുപോലെ ആകാശച്ചുഴിയിൽപെട്ടതല്ല, സാങ്കേതിക തകരാറാണ് കാരണം എന്ന് എയർലൈൻസ് തന്നെ അറിയിച്ചിട്ടുണ്ട്. പലരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വിമാനം കുലുങ്ങിയപ്പോൾ നിരവധിപ്പേർ സീറ്റിൽ നിന്ന് തെറിച്ചു വീണ് പരുക്കേറ്റു. പലർക്കും മുറിവേറ്റിട്ടുണ്ട്.
സിഡ്നിയിൽ നിന്ന് പറന്ന് രണ്ടു മണിക്കൂർ കഴിഞ്ഞാണ് സംഭവം. വീണ്ടും ഒരു മണിക്കൂർ കൊണ്ട് ഓക്ലാൻഡിൽ വിമാനം എത്തി. പരുക്കേറ്റ 50 പേർക്ക് ചികിൽസ നൽകിയതായി ന്യൂസിലൻഡിലെ ഹാറ്റോ ഹോൺ സെൻ്റ് ജോൺ ആംബുലൻസ് വക്താവ് അറിയിച്ചു. 13 പേർ ആശുപത്രിയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. ലറ്റാം എയർലൈൻസിൻ്റെ ബോയിങ് 787 – 9 ഡ്രീംലൈനറാണ് അപകടത്തിൽപ്പെട്ടത്. സിഡ്നിയിൽ നിന്ന് ന്യൂസിലൻഡ് വഴി ചിലിയിലെ സാൻ്റിയാഗോയിലേക്ക് പോകുന്ന വിമാനമായിരുന്നു.