ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി (Benjamin Netanyahu) ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഗാസയിൽ അടിയന്തരമായി മാനുഷിക സഹായം നൽകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും നിലവിലെ യുദ്ധ സാഹചര്യങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. പലസ്തീൻ ജനതയ്ക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ ഇന്ത്യയുടെ പിന്തുണയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഈ വിവരം ബെഞ്ചമിൻ നെതന്യാഹു തൻ്റെ ഔദ്യോഗിക എക്‌സ് പേജിൽ പങ്കുവെച്ചു.
“പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഗാസ മുനമ്പിലെ പോരാട്ടത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു,” എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കൂടാതെ ബന്ദികളെ മോചിപ്പിക്കാനും മാനുഷിക സഹായം എത്തിക്കുന്നതിനും വേണ്ട ശ്രമങ്ങളെകുറിച്ച് ഇരുവരും ചർച്ച ചെയ്തായും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഏകദേശം 1,200 ഇസ്രായേലികൾ കൊല്ലപ്പെടുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായേൽ ഗാസയിൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 30,000-ൽ പരം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. നിലവിൽ ഇസ്രായേൽ-ഹമാസ് സംഘർഷം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ ഏകദേശം 576,000 ആളുകൾ ഇവിടെ പട്ടിണിയുടെ പിടിയിലാണെന്നും യുഎൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഘർഷയിടങ്ങളിൽ നിന്ന് അഭയാർത്ഥികളെ എത്രയും വേഗം മാറ്റി പാർപ്പിക്കാനും അതിർത്തികൾ തുറക്കാനും പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാഖി ഹനെഗ്ബിയെയും ഡോവൽ കണ്ടിരുന്നു. യുഎഇ, ഖത്തർ, സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന നേതാക്കളുമായി ചർച്ച ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്യങ്ങൾ വിലയിരുത്തുകയും യുദ്ധ മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഗാസയിലെ പലസ്തീൻ ജനതയ്ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നത് ഉൾപ്പെടെ ആവശ്യമായ മാനുഷിക സഹായം നൽകാനും ഇന്ത്യ പിന്തുണ അറിയിച്ചിട്ടുണ്ട്.