ലൊസാഞ്ചലസ്: നടിയും മോഡലുമായ കാരാ ഡെലിവിംഗനയുടെ വീട് തീപിടിത്തില്‍ കത്തിനശിച്ചു. 58 കോടി രൂപ (7 ബില്ല്യന്‍ ഡോളര്‍ ) വിലമതിക്കുന്ന വീടിന്റെ ഒരു മുറിയും മേല്‍ക്കൂരയും പൂര്‍ണമായി കത്തിനശിച്ചു. ഒരു അഗ്‌നിശമന സേനാംഗത്തെയും ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ഒരാളെയും പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് നിലകളുള്ള വീടിന്റെ മേല്‍ക്കൂരയില്‍ വലിയ തോതില്‍ അഗ്‌നിബാധയുണ്ടായുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഹോളിവുഡിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള സ്റ്റുഡിയോ സിറ്റിയിലെ കുന്നുകളിലാണ് ഈ ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്. 1970കളില്‍ നിര്‍മിച്ച ഈ വീട്ടിലെ തീ 94 അഗ്‌നിശമന സേനാംഗങ്ങള്‍ രണ്ട് മണിക്കൂറിലേറെ പരിശ്രമിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണവിധേയമാക്കാനും മറ്റ് വീടുകളിലേക്ക് തീ പടരുന്നത് തടയാനും ശ്രമിച്ചതിനാല്‍ പ്രദേശത്തെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. നടി യുകെയിലായിരുന്ന സമയത്താണ് തീപിടിത്തമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് അഗ്‌നിശമന ട്രക്കുകള്‍ നിറഞ്ഞ തെരുവിന്റെ വിഡിയോ കാരാ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു.’സഹായിച്ച എല്ലാ അഗ്‌നിശമന സേനാംഗങ്ങള്‍ക്കും ആളുകള്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി’ എന്നാണ് കാരാ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതിയിരിക്കുന്നത്. തന്റെ രണ്ട് പൂച്ചക്കൂട്ടികള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും അവരെ രക്ഷിച്ച അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് നന്ദിയെന്നും കാരാ പറയുന്നുണ്ട്.