കാബൂള്‍: ട്രംപ് രണ്ടാം തവണ അധികാരത്തിലേറിയതിനു പിന്നാലെ വിദേശ സഹായ പദ്ധതികള്‍ വെട്ടിക്കുറച്ചതോടെ അഫ്ഗാന്‍ വനിതകളുടെ പഠനം പ്രതിസന്ധിയില്‍. അമേരിക്കന്‍ സഹായത്തോടെ ഒമാനില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തിയ അഫ്ഗാന്‍ വനിതകളുടെ പഠനമാണ് മുടങ്ങുന്നത്. അഫ്ഗാനില്‍ നിന്നെത്തിയ 80 വനിതകള്‍ക്കാണ് യുഎസ്എഐഡി ഫണ്ട് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് വിദ്യാഭ്യാസം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ട സാഹചര്യം . ഇവരുടെ പഠനത്തിനായി യുഎസ്എഐഡി ഫണ്ട് വഴി നല്‍കിക്കൊണ്ടിരുന്ന സ്‌കോളര്‍ഷിപ്പാണ് നിര്‍ത്തലാക്കിയത്.
‘സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കാര്യം അറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടായതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ തിരിച്ചയക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. എന്നാല്‍ ഈ സമയത്ത് അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തില്‍ ഇടപെടണം, സാമ്പത്തിക സഹായം നല്‍കി പുനരധിവാസം സാധ്യമാക്കണം’ എന്ന് വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചു.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഉള്‍പ്പെടെ നിഷേധിച്ചിരിക്കുകയാണ്. സര്‍വ്വകലാശാലകളില്‍ അവര്‍ക്ക് പ്രവേശനമില്ല. ഈ സാഹചര്യത്തിലാണ് ഒമാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഫ്ഗാനിലേക്ക് മടങ്ങേണ്ടി വരുന്നത്.
ജനുവരിയില്‍ അധികാരത്തിലെത്തിയതിന് ശേഷം ട്രംപ് ഏകദേശം 90 ശതമാനത്തിലധികം വിദേശ സഹായ കരാറുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.