ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രമുഖ പണ്ഡിതൻ മുഫ്തി ഷാ മിർ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു. ബലൂചിസ്താൻ പ്രവിശ്യയിലെ കെച്ച് ജില്ലയിലുള്ള തർബത്ത് പട്ടണത്തിൽ വെള്ളിയാഴ്ച രാത്രി പ്രാർഥനക്കുശേഷം പള്ളിയിൽനിന്ന് തിരിച്ചുവരുമ്പോഴാണ് വെടിയേറ്റത്.
മോട്ടോർ സൈക്കിളുകളിൽ എത്തിയ ആയുധധാരികൾ മുഫ്തിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുഫ്തിയെ തർബത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. നിരവധി തവണ വെടിയേറ്റ പരിക്കുകളാണ് മരണ കാരണം.
മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ ഇറാനിൽനിന്ന് തട്ടിക്കൊണ്ടുപോകാൻ പാകിസ്താൻ ചാര ഏജൻസിയായ ഐ.എസ്.ഐയെ സഹായിച്ചതായി മുഫ്തിക്കെതിരെ ആരോപണമുയർന്നിരുന്നു. രാഷ്ട്രീയപാർട്ടിയായ ജാമിയത്ത് ഉലമാഉൽ ഇസ്ലാം-എഫിൽ (ജെ.യു.ഐ-എഫ്) അംഗമായിരുന്ന മുഫ്തി, നേരത്തേ രണ്ടുതവണ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു.