ബ്രസീലിലെ ബെലെമില്‍ നടക്കുന്ന COP30 കാലാവസ്ഥാ ഉച്ചകോടിക്കായി (climate summit) പുതിയ നാലുവരി പാത നിര്‍മിക്കുന്നതിന് ആമസോണ്‍ മഴക്കാടിന്റെ (Amazon rain forest) പതിനായിരക്കണക്കിന് ഏക്കര്‍ സ്ഥലം വെട്ടിത്തളിക്കുന്നതായി ബിബിസിയുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം സമ്മേളനം നടക്കുന്ന നഗരത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാട് വെട്ടിത്തെളിച്ചിരിക്കുന്നത്. അവെനിഡ ലിബര്‍ഡേഡ് അഥവാ അവന്യൂ ഓഫ് ലിബര്‍ട്ടി എന്ന് അറിയപ്പെടുന്ന എട്ട് മൈല്‍ ദൈര്‍ഘ്യമുള്ള സ്ഥലമാണ് വെട്ടിത്തെളിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും കടുത്ത പ്രതിഷേധത്തിലാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഭൂമിയെ സംരക്ഷിക്കാനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി നേതാക്കള്‍ ഒത്തുകൂടുന്ന ഉച്ചകോടിയാണ് COP30. ഈ സാഹചര്യത്തില്‍ സംരക്ഷിത മഴക്കാടുകളുടെ ഇത്രയും വലിയ പ്രദേശങ്ങള്‍ വെട്ടിത്തെളിക്കുന്നത് വലിയ വിരോധാഭാസമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുപ്പതാമത് വാര്‍ഷിക യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ അരലക്ഷത്തില്‍ അധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിസ്ഥിതി ആഘാതം ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നിരവധി തവണ ഹൈവേ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നവംബറില്‍ നടത്തുന്ന പരിപാടിക്കായി നഗരം ഒരുക്കുന്നതിന് നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തെ ആധുനികവത്കരിക്കുന്നതിനും ഉച്ചകോടിക്കായി തയ്യാറാക്കാനുമുള്ള 30 പദ്ധതികളില്‍ ഹൈവേ നിര്‍മാണവും ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ സെക്രട്ടറി അഡ്‌ലര്‍ സില്‍വെയ്ര പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഹൈവേ നിര്‍മാണം പൂര്‍ത്തിയായാല്‍ വന്യജീവികള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന സ്ഥലങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ പോകുന്ന പാതകള്‍, സോളാര്‍ ലൈറ്റിംഗ് എന്നിവ ഹൈവേയില്‍ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ പുതിയ ഹോട്ടലുകളും നിര്‍മിക്കുന്നത്. സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ക്രൂയിസ് കപ്പലുകള്‍ക്ക് ഇവിടെ നങ്കൂരമിടുന്നതിനായി തുറമുഖം നിര്‍മിക്കുന്നുണ്ട്.
വിമാനത്താവളത്തിന്റെ ശേഷി 70 ലക്ഷം യാത്രക്കാരില്‍ നിന്ന് നിന്ന് 1.4 കോടിയായി വികസിപ്പിക്കുന്നതിന് ബ്രസീല്‍ സര്‍ക്കാര്‍ 81 മില്ല്യണ്‍ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.