സന: യമനിൽ ശനിയാഴ്ച അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ 53 പേർ കൊല്ലപ്പെടുകയും 98 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമൻ മേഖലകളിൽ വ്യോമാക്രമണത്തിന് ശനിയാഴ്ച ഉത്തരവിട്ടതിനു പിന്നാലെയാണ് ശക്തമായ വ്യോ മാക്രമണം ഉണ്ടായത്.
അതേസമയം, പ്രധാന കപ്പൽ ചാൽ വഴിയുള്ള കപ്പൽ ഗതാഗതത്തിനു നേരെ ഹൂതികൾ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതുവരെ തിരിച്ചടി നല്കാനാണ് അമേരിക്കൻ തീരുമാനം.ഇറാന്റെ പിന്തുണയുള്ള ഹൂതികൾ യമൻ തലസ്ഥാനമായ സനാ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കൈവശം വെച്ചിട്ടുണ്ട്. ഗസ്സയിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച് ഹൂതികൾ കപ്പൽഗതാഗതം ലക്ഷ്യമിട്ടുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം സനായിലും സൗദി അതിർത്തിക്ക് സമീപമുള്ള സാദയിലും സ്ഫോടനങ്ങൾ നടന്നതായി സംഘം റിപ്പോർട്ട് ചെയ്തു.ഹൊഡൈദ, ബൈദ, മരിബ് എന്നിവിടങ്ങളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യമൻ തീരത്തുകൂടി യാത്ര ചെയ്യുന്ന ഇസ്രായേലി കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ ഹൂതികൾ വീണ്ടും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അമേരിക്കൻ വ്യോമാക്രമണം. വ്യോമാക്രമണങ്ങളിൽ മരിച്ചവരിൽ കൂടുതൽ പേരും സ്ത്രീകളും കുട്ടികളുമാണെന്ന് ഹൂതി വക്താവ് പറഞ്ഞു