ധാക്ക: ചെറിയ ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശിൽ വീണ്ടും അസ്ഥരതയെന്ന് സൂചന. രാജ്യത്ത് സൈനീക അട്ടിമറി നടന്നതായി വ്യാപക പ്രചാരണം.
ധാക്കയിൽ സൈനികരെയും സുരക്ഷാ സേനയെയും വിന്യസിച്ചതിനും ശേഷമാണ് അട്ടിമറി നടന്നുവെന്ന അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ പ്രധാനമന്ത്രിയായ പ്രൊഫസർ മുഹമ്മദ് യൂനുസോ സൈനിക മേധാവി വഖാർ ഉസ് സമാനോ അഭ്യൂഹങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് യൂനുസിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവ വികാസങ്ങൾ.
രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കാര്യത്തിൽ കരസേനാ മേധാവിക്ക് കടുത്ത ആശങ്കയുണ്ടെന്നും തുടർന്നാണ് സൈനിക യോഗങ്ങൾ ചേർന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭീകരാക്രമണങ്ങൾക്കെതിരെ സൈനിക മേധാവി മുന്നറിയിപ്പ് നൽകുകയും രാജ്യത്ത് ജാഗ്രതയും സുരക്ഷയും വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച സൈനിക മേധാവി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് സർക്കാരും സൈനിക മേധാവിയും തമ്മിലുള്ള ചില തർക്കങ്ങൾക്ക് കാരണമായിരുന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയും സുരക്ഷാ നടപടികളെക്കുറിച്ചും കരസേനാ മേധാവി ചർച്ച ചെയ്തതായാണ് സൂചന. എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് ഇടക്കാല സർക്കാരിന്റെ ആഭ്യന്തര സെക്രട്ടറി നസിമുൾ ഹഖ് ഗാനി പറഞ്ഞു.