സോൾ: തെക്കൻ കൊറിയയിൽ വൻ കാട്ടുതീയിൽ 24 പേർ വെന്തുമരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച പൊട്ടിപ്പുറപ്പെട്ട കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ സൈന്യം സർവസന്നാഹത്തോടെ രംഗത്തുണ്ട്.
തെക്കൻ കൊറിയയിലെ തെക്കൻ പ്രദേശങ്ങളിൽ കാട്ടുതീ വലിയ നാശമാണ് വിതയ്ക്കുന്നത്. സൈന്യത്തിന്റെ സഹായത്തോടെ തീയണക്കാൻ ശ്രമം തുടരുകയാണ്. 30000 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചെന്ന് അധികൃതർ അറിയിച്ചു. 250 ലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായും അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ നിരവധി വീടുകളും ഫാക്ടറികളും വാഹനങ്ങളും അഗ്നിക്ക് ഇരയായിട്ടുണ്ട്. 1,300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രവും കാട്ടുതീയിൽ കത്തിനശിച്ചതായി കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചു.
കാട്ടുതീയിൽ ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചെന്നാണ് കണക്ക്. . 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.