കീവ്: തലസ്ഥാന നഗരമായ കീവിനു ചുറ്റിലുമുള്ള ചെറുപട്ടണങ്ങള്‍ ഉള്‍പ്പെടെ മേഖല പൂര്‍ണമായി തിരിച്ചുപിടിച്ചതായി യുക്രൈന്‍.
കീവിനു സമീപത്തെ പ്രധാന പട്ടണങ്ങളില്‍നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയതിനു പിന്നാലെയാണ് മേഖലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതെന്ന് ഉപ പ്രതിരോധ മന്ത്രി ഗന്ന മാലിയര്‍ അറിയിച്ചു. ഇര്‍പിന്‍, ബുച്ച, ഹോസ്റ്റോമെല്‍ പട്ടണങ്ങളും കീവ് മേഖലയും റഷ്യന്‍ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രമാക്കിയതായി അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ ഈ മൂന്നു പട്ടണങ്ങളിലും വ്യാപക നാശമാണുണ്ടായത്. നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച മാത്രം ബുച്ചയിലെ ഒരു തെരുവില്‍ 20 മൃതദേഹങ്ങള്‍ കണ്ടിരുന്നതായി എ.എഫ്.പി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബുച്ചയില്‍ 280 പേരുടെ മൃതദേഹങ്ങല്‍ ഒരു കുഴിയില്‍ സംസ്കരിച്ചതായും പട്ടണത്തിന്‍റെ തെരുവുകളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്നും മേയര്‍ അറിയിച്ചു.