വാഷിംഗ്ടണ്‍: ബുച്ചയിലെ യുക്രേനിയന്‍ നഗരത്തില്‍ നടന്ന അതിക്രമങ്ങള്‍ക്ക് റഷ്യന്‍ സൈന്യമാണ് ഉത്തരവാദികളെന്ന് പെന്റഗണ്‍ തിങ്കളാഴ്ച അറിയിച്ചു.
പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏതൊക്കെ യൂണിറ്റുകളാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതെന്ന് കൃത്യമായി ഉറപ്പായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബുച്ചയിലെ അതിക്രമങ്ങള്‍ക്ക് റഷ്യന്‍ സൈന്യമാണ് ഉത്തരവാദികള്‍ എന്നത് നമുക്ക് മാത്രമല്ല, ലോകത്തിനും വളരെ വ്യക്തമാണെന്ന് ഞാന്‍ കരുതുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുക്രെയിനില്‍ റഷ്യന്‍ സൈന്യം നടത്തുന്ന കൊടുംക്രൂരത സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. റഷ്യന്‍ സൈനികര്‍ പത്ത് വയസുള്ള പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തലുമായി ഒരു സ്ത്രീ രംഗത്തെത്തിയിരുന്നു.
യുക്രൈന്‍ പാര്‍ലമെന്റ്ംഗം ലെസിയ വാസിലെങ്കാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അതിക്രൂരമായ പീഡനമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളുടെ മൃതദേഹത്തില്‍ മുദ്ര കുത്തിയിരിക്കുന്നു. കൊള്ള, ബലാത്സംഗം, കൊലപാതകങ്ങള്‍ എന്നിവ തുടര്‍ച്ചയായി റഷ്യന്‍ സൈന്യം നടത്തി കൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ഉയരുന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച് റഷ്യ രംഗത്തെത്തി. പാശ്ചാത്യ മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കാനും റഷ്യയുടെ മേല്‍ യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കാനും യുക്രേനിയന്‍ സുരക്ഷാ സേനകള്‍ നിരവധി പട്ടണങ്ങളിലും ഗ്രാമങ്ങളിലും സിവിലിയന്മാരെ കൊലപ്പെടുത്തുകയാണെന്നാണ് റഷ്യ ആരോപിക്കുന്നത്.