ഒവേറി: യേശുവിന്റെ കുരിശുമരണം പ്രമേയമാക്കി അവതരിപ്പിച്ച നാടകം വേദിയില്‍ അരങ്ങേറുന്നതിനിടെ അഭിനേതാവായ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു.
നൈജീരിയയിലെ ക്ലാരിയന്‍ഷന്‍ സര്‍വകലാശാലയിലാണ് സംഭവം.
നാടകത്തിനിടെ യുവാവ് വേദിയില്‍ കുഴഞ്ഞു വീണെങ്കിലും ഇതും അഭിനയത്തിന്റെ ഭാഗമാണെന്നു കരുതി കാഴ്ചക്കാര്‍ നാടകം കാണുന്നത് തുടരുകയായിരുന്നു. സെമിനാരി അംഗവും സര്‍വകാലാശാലയിലെ വിദ്യാര്‍ത്ഥിയുമായ സുവേല്‍ ആംബ്രോസ് എന്ന 25കാരനാണ് മരിച്ചത്. യേശുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്‌കരണമായ ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ എന്ന നാടകമാണ് അവതരിപ്പിച്ചത്.
യേശുവിന്റെ ശിഷ്യനായ സൈമണ്‍ പീറ്ററിന്റെ വേഷമായിരുന്നു യുവാവിന്റേത്. എന്നാല്‍ നാടകാവതരണത്തിനിടെ യുവാവ് കുഴഞ്ഞു വീഴുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തു. എന്നാല്‍, കാണികള്‍ ഇത് യുവാവിന്റെ അഭിനയത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിച്ച് നാടകം കാണുന്നത് തുടര്‍ന്നു. അല്പസമയത്തിന് ശേഷം, സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട കാണികളില്‍ ചിലര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാല്‍, അടുത്തുള്ള ഫെഡറല്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പേ യുവാവിന് മരണം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാരും അറിയിച്ചു. യൂണിവേഴ്സിറ്റിയിലെ ഒരു പുരോഹിതന്‍ സംഭവം സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.