മരിയുപോള്‍: യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കാനുള്ള ശ്രമം റഷ്യ ഊര്‍ജിതമായി തുടരുകയാണ്.
മരിയുപോളില്‍ ആഴ്ചകളോളം കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള നീക്കം യുക്രൈന് തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിലൊക്കെയും റഷ്യ രൂക്ഷമായി ആക്രമിച്ചെങ്കിലും യുക്രൈന് ചെറുത്തുനില്‍പ്പ് ഇപ്പോഴും തുടരുകയാണ്. ഏത് നിമിഷവും മരിയുപോള്‍ അടക്കമുള്ള പ്രദേശങ്ങള്‍ റഷ്യ കീഴടക്കും. പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി റഷ്യ വ്യക്തമാക്കി.
മരിയുപോള്‍ പിടിച്ചടക്കാതിരിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് യുക്രൈന് ആവര്‍ത്തിച്ചു. അധിനിവേശം ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം ആളുകള്‍ യുക്രൈന് വിട്ടതായി ഐക്യരാഷ്ട്രസഭ പറഞ്ഞു. റഷ്യ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി.
സഖ്യകക്ഷികളില്‍ നിന്ന് മുഴുവന്‍ വിമാനങ്ങളും യുക്രൈന് ലഭ്യമായിട്ടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ കാര്യാലയമായ പെന്റഗണ്‍ അറിയിച്ചു. ഷെല്ലുകള്‍ പ്രയോഗിക്കുന്ന ദീര്‍ഘദൂര ആയുധമായ ഹോവിറ്റ്സര്‍ ഉപയോഗിക്കാന്‍ യുക്രൈനികള്‍ക്ക് പരിശീലനം നല്‍കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തു. റഷ്യയെ ദുര്‍ബലപ്പെടുത്താന്‍ യുദ്ധം കൂടുതല്‍ കാലം നിലനില്‍ക്കണമെന്നാണ് ചില നാറ്റോ സഖ്യകക്ഷികള്‍ ആഗ്രഹിക്കുന്നതെന്ന് തുര്‍ക്കി ആരോപിച്ചു.
യുക്രൈന് നൂറോളം മിസ്ട്രല്‍ എയര്‍ ഡിഫന്‍സ് മിസൈലുകള്‍ നോര്‍വേ നല്കി. കിയവ് സന്ദര്‍ശിച്ച യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
അതിനിടെ റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍. റഷ്യന്‍ ബാങ്കായ ട്രാന്സ്കാപിറ്റല് ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി.