കെയ്റോ: 2016-ലെ ഈജിപ്റ്റ് എയര്‍ വിമാനാപകടത്തിന്റെ കാരണം വെളിവാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.
കോക്പിറ്റില്‍, പൈലറ്റ് വലിച്ചിരുന്ന സിഗരറ്റില്‍ നിന്നുണ്ടായ അഗ്നിബാധയാണ് വിമാനാപകടത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. അപകടത്തില്‍, 56 യാത്രക്കാരും 10 വിമാന ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.
2019 മെയ് 16നാണ് ലോകത്തെ ഞെട്ടിച്ച ഈജിപ്റ്റ് എയര്‍ വിമാനാപകടമുണ്ടാവുന്നത്. ഫ്രാന്‍സിലെ പാരിസ് ഡി ഗള്ളി എയര്‍പോര്‍ട്ടില്‍ നിന്നും ഈജിപ്റ്റിലെ കെയ്റോ പറന്നുയര്‍ന്ന എം.എസ് 804 ഈജിപ്റ്റ് എയര്‍ വിമാനം, പ്രാദേശിക സമയം 02:33 ഓടെ മെഡിറ്റെറേനിയന്‍ കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഗ്രീക്ക് ദ്വീപിനും ഉത്തര ഈജിപ്റ്റിനും മദ്ധ്യേയുള്ള കടലിലായിരുന്നു അപകടം നടന്നത്.
അപകടത്തെത്തുടര്‍ന്ന്, ഫ്രാന്‍സിന്റെ അന്വേഷണ സമിതിയായ ബ്യൂറോ ഓഫ് എന്‍ക്വയറി നടത്തിയ അന്വേഷണത്തിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം അപകടത്തിന്റെ കാരണം കണ്ടെത്തിയത്. വിമാനത്തിലെ പൈലറ്റായിരുന്ന മൊഹമ്മദ് സൈദ് ഷൗക്കൈര്‍ വലിച്ചിരുന്ന സിഗരറ്റില്‍ നിന്നും കോക്ക്പിറ്റില്‍ തീപടര്‍ന്നുവെന്നും, പിന്നീടുണ്ടായ സ്ഫോടനത്തിലാണ് വിമാനം തകര്‍ന്നു വീണതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.