അന്യഗ്രഹ ജീവികൾ യഥാർത്ഥത്തിൽ ഉണ്ടോ എന്നത് ഇപ്പോഴും ശാസ്ത്രത്തിനും മനുഷ്യർക്കുമിടയിൽ ഒരു ചോദ്യമായി നിലനിൽക്കുകയാണ്. എങ്കിലും പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള നിരവധി സംഭവങ്ങൾ ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്. അതിലൊന്നാണ് 20 കാരനായ ഫ്രെഡറിക് വാലൻ്റിച്ച് എന്ന പൈലറ്റിന്റെ തിരോധാനം. ഓസ്‌ട്രേലിയയിലെ തെക്കൻ മെൽബണിലെ മൂറാബിൻ എയർപോർട്ടിൽ നിന്ന് കിംഗ് ഐലൻഡിലേക്ക് വിമാനത്തിൽ പറക്കുന്നതിനിടയിലാണ് വാലൻ്റിച്ച് അപ്രത്യക്ഷനായത്. 1978 ഒക്ടോബർ 21 നായിരുന്നു സംഭവം.
വിമാനം പറന്ന് ഏകദേശം 45 മിനിറ്റിനു ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. ഇതിന് തൊട്ടുമുൻമ്പ് താൻ ഏകദേശം 1,000 അടി ഉയരത്തിൽ പറക്കുകയായിരുന്നെന്നും ഒരു അജ്ഞാത വിമാനം തന്നെ പിന്തുടരുന്നുണ്ടെന്നും വാലൻ്റിച്ച് ഏവിയേഷൻ ട്രാഫിക് കൺട്രോൾ ടീമിനോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിൽ ഫ്രെഡറിക് വാലൻ്റിച്ചിൻ്റെ വിമാനത്തെ പിന്തുടർന്നത് വിമാനമല്ലെന്നും കണ്ടെത്തി. വാലൻ്റിച്ച് സഞ്ചരിച്ച വിമാനം ഉൾപ്പെടെ റാഞ്ചിയത് അന്യഗ്രഹജീവികൾ ആണെന്നാണ് യുഫോളജിസ്റ്റുകൾ അവകാശപ്പെടുന്നത്. കൂടാതെ ഈ വിമാനം ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല.
ഫ്രെഡറിക് വാലൻ്റിച്ച് അവസാനം നടത്തിയ സംഭാഷണത്തിൻ്റെ ഓഡിയോയും നിലവിലുണ്ട്. അതിൽ അവസാനം തന്നെ പിന്തുടരുന്നത് ഒരു വിമാനം അല്ല എന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്. കൂടാതെ വിക്ടോറിയയ്ക്കും ടാസ്മാനിയയ്ക്കും ഇടയിലുള്ള സമുദ്രത്തിന് മുകളിലൂടെയാണ് ആ സമയം വിമാനം പറന്നത്. ഇത് പല കപ്പലുകളുടെയും വിമാനങ്ങളുടെയും തിരോധാനത്തിന് പേരുകേട്ട സ്ഥലം കൂടിയായി അറിയപ്പെടുന്നു.
സംഭവ ദിവസം അദ്ദേഹം ഒരു ചെറു വിമാനത്തിലാണ് സഞ്ചരിച്ചിരുന്നത്. തന്റെ സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുവരാൻ പോകുകയാണെന്നാണ് വാലൻ്റിച്ച് സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. വൈകുന്നേരം ഏകദേശം 7 മണിയോടെയാണ് അദ്ദേഹം 4,500 അടി ഉയരത്തിൽ ഒരു അജ്ഞാത വിമാനം തന്നെ പിന്തുടരുന്നുണ്ടെന്ന് അറിയിച്ചത്. നാല് ലൈറ്റുകൾ അതിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ആ വിമാനത്തിൽ നിന്ന് ഗ്രീൻലൈറ്റ് പ്രതിഫലിക്കുന്നുണ്ടെന്നും അത് വേഗത്തിൽ മുന്നോട്ട് നീങ്ങുന്നതായും തന്റെ ടീമിനോട് പറഞ്ഞു. ആ സമയത്ത് ആ റൂട്ടിൽ മറ്റ് വിമാനങ്ങളൊന്നുമില്ലെന്നും എടിആർ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ശേഷം കുറച്ചു മിനിറ്റുകൾക്കുള്ളിൽ വാലൻ്റിച്ചുമായുള്ള സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു .
അതേസമയം സംഭവം നടന്ന് 5 വർഷത്തിനുശേഷം ഫ്ലിൻഡേഴ്‌സ് ദ്വീപിൽ ഒരു എഞ്ചിൻ കൗൾ ഫ്ലാപ്പ് പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയിരുന്നു. ഫ്രെഡറിക് വാലൻ്റിച്ച് സഞ്ചരിച്ചിരുന്ന സെസ്ന 182 വിമാനത്തിന്റെ സീരിയൽ നമ്പർ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. എങ്കിലും വിമാനത്തിന്റെ മറ്റു ഭാഗങ്ങൾ ഒന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇപ്പോഴും ദുരൂഹമായി തുടരുന്ന സംഭവത്തിൽ അന്വേഷണവും തുടരുകയാണ്.