Friday, March 14, 2025

HomeWorldഗാസയിലെ 9000ഓളം രോഗികളെ അടിയന്തിരമായി വിദേശത്തേക്ക് മാറ്റണമെന്ന് ലോകാരോഗ്യ സംഘടന.

ഗാസയിലെ 9000ഓളം രോഗികളെ അടിയന്തിരമായി വിദേശത്തേക്ക് മാറ്റണമെന്ന് ലോകാരോഗ്യ സംഘടന.

spot_img
spot_img

ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷം അയവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഗാസയിലെ 9000ഓളം രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി അടിയന്തിരമായി വിദേശത്തേക്ക് മാറ്റണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു. ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ ആകെ തകര്‍ന്നനിലയിലാണെന്നും ആയിരക്കണക്കിന് കാന്‍സര്‍ രോഗികളും വൃക്കരോഗികളും ചികിത്സയില്ലാതെ നട്ടം തിരിയുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവര്‍ക്കും വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

3400 ലധികം പേരെ ഇതിനോടകം മാറ്റിയിട്ടുണ്ട്. ആയിരക്കണക്കിന് രോഗികളാണ് ഇസ്രായേലിന്റെ അനുമതിയ്ക്കായി കാത്തുനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘രോഗികളെ മാറ്റാനുള്ള നടപടികള്‍ക്ക് ഇസ്രായേല്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണം. ഇതിലൂടെ ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനാകും. ഓരോ നിമിഷവും വിലപ്പെട്ടതാണ്,’’ അദ്ദേഹം പറഞ്ഞു. ഗാസയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ആശുപത്രികളില്‍ എല്ലാ രോഗികളെയും ഉള്‍ക്കൊള്ളാനാകില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പ്രതിനിധികള്‍ അറിയിച്ചു. മിതമായ സേവനം മാത്രമേ ഈ ആശുപത്രികളില്‍ നിന്ന് ലഭിക്കുകയുള്ളൂ. ഇന്ധനം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവയ്‌ക്കൊക്കെ കടുത്ത ക്ഷാമമാണ് നേരിടുന്നത്.

മാര്‍ച്ച് 12 വരെയുള്ള ലോകാരോഗ്യ സംഘടന കണക്ക് പ്രകാരം ഗാസയിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് 400ലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. നൂറിലധികം ആംബുലന്‍സുകളും ആരോഗ്യ സേവനങ്ങളും ആക്രമണത്തിനിരയായെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഗാസയിലെ ആശുപത്രികളിലും മറ്റുമായി ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുകയാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് ഹമാസ് പറയുന്നത്. വരും ദിവസങ്ങളില്‍ 400 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ കപ്പല്‍ മാര്‍ഗ്ഗം ഗാസയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില എന്‍ജിഒകളാണ് ഇക്കാര്യം അറിയിച്ചത്.

ഗാസ മുനമ്പിന്റെ വടക്കന്‍ പ്രവിശ്യകളിലേക്ക് സഹായമെത്തിക്കുമെന്ന് ‘വേള്‍ഡ് കിച്ചണി’ ന്റെ കമ്യൂണിറ്റി മാനേജര്‍ ജുവാന്‍ കമിലിയോ പറഞ്ഞു. ഓപ്പണ്‍ ആംസ് എന്നറിയപ്പെടുന്ന കപ്പല്‍ വഴി ഗാസയിലേക്ക് സഹായമെത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ നോമ്പ് നോല്‍ക്കുന്ന പലസ്തീന്‍ പൗരന്‍മാര്‍ക്കായി യുഎഇ നല്‍കിയ ഈന്തപ്പഴങ്ങളും ഈ കപ്പലിലൂടെ ഗാസയില്‍ എത്തിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ മാസം സൈപ്രസിന്റെ സഹായത്തോടെ യുഎഇയും ഓപ്പണ്‍ ആംസും ചേര്‍ന്ന് 200 ടണ്‍ ഭക്ഷ്യ സഹായം ഗാസയിലെത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments