ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്‌മയിൽ ഹനിയയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് മൂന്ന് മക്കളും രണ്ട് പേരക്കുട്ടികളൂം കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിലെ അൽ ഷാതി അഭയാർത്ഥി ക്യാംപിനു സമീപമാണ് ആക്രമണം. ഖത്തറിന്റെയും ഈജിപ്തിന്റെയും യു എസിന്റെ നേതൃത്വത്തിൽ കെയ്‌റോയിൽ സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.
ഗാസയിൽ ഇസ്രായേലുമായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിലും ഹമാസിൻ്റെ അന്താരാഷ്ട്ര നയതന്ത്രത്തിലെ പ്രധാന നീക്കങ്ങള്‍ നടത്തിയിരുന്നത് ഇസ്‌മയിൽ ഹനിയ ആയിരുന്നു. കഴിഞ്ഞ നവംബറിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിലെ അദ്ദേഹത്തിൻ്റെ കുടുംബവീട് തകർന്നിരുന്നു.
ഇസ്മായിൽ ഹനിയയുടെ മൂന്ന് ആണ്‍മക്കളായ ഹസെം, അമീർ, മുഹമ്മദ് എന്നിവർക്ക് ഗാസയിലെ അൽ-ഷാതി ക്യാമ്പിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് ഹമാസ് അറിയിച്ചു.ഹനിയയുടെ രണ്ട് പേരക്കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഒരാൾക്ക് പരിക്കേറ്റതായും ഹമാസ് മാധ്യമങ്ങൾ വെളിപ്പെടുത്തി.
“എൻ്റെ ആൺമക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാൾ പ്രിയപ്പെട്ടതല്ല,” ഇസ്‌മയിൽ ഹനിയെ പറഞ്ഞു. ഹമാസ് തലവന് 13 മക്കളുണ്ടെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഹനിയയുടെ മൂത്തമകൻ തൻ്റെ മൂന്ന് സഹോദരന്മാരുടെ മരണം ഫേസ്ബുക്ക് പോസ്റ്റിൽ സ്ഥിരീകരിച്ചു. “എൻ്റെ സഹോദരങ്ങളായ ഹസീം, അമീർ, മുഹമ്മദ്, അവരുടെ മക്കളുടെയും രക്തസാക്ഷിത്വം നൽകി ഞങ്ങളെ ആദരിച്ച ദൈവത്തിന് നന്ദി,” അബ്ദുൽ സലാം ഹനിയേ എഴുതി. ഗാസ സിറ്റിയിലെ ഹോം അഭയാർത്ഥി ക്യാമ്പായ ഷാതിയിൽ മുസ്ലീം ഈദുൽ ഫിത്തർ അവധിക്കാലത്തിൻ്റെ ആദ്യ ദിവസം കുടുംബത്തെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ഇവര്‍ ആക്രമണത്തിന് ഇരയായതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.