ജയിൽ ശിക്ഷയിൽ ഇളവ് നേടാനായി മാതൃത്വത്തെ ആയുധമാക്കി ചൈനീസ് യുവതികൾ. വിവിധ വസ്ത്ര മോഷണ കേസുകളിൽ പ്രതികളായ സിയാവോ ക്വിഗും, ഷു ഷുവുമാണ് തങ്ങൾ ഗർഭിണിയാണെന്നും കുട്ടികൾക്ക് മുലയൂട്ടണമെന്നുമുള്ള കാരണങ്ങൾ പറഞ്ഞ് പലതവണ ജയിലിൽ നിന്നും രക്ഷപെട്ടത്. ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും കുറ്റകൃത്യങ്ങൾക്കുള്ള തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കാമെന്ന ചൈനീസ് നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് സ്ത്രീകൾ എന്നാണ് ആരോപണം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 32,858 രൂപയുടെ വസ്ത്രങ്ങൾ പല കടകളിൽ നിന്നു മോഷ്ടിച്ച കേസിൽ പ്രതികളാണ് സിയാവോ ക്വിഗും, ഷു ഷുവും. പിടിയിലായ സിയാവോയ്ക്ക് ഒരു വർഷവും ഷു ഷു വിന് എട്ട് മാസവുമായിരുന്നു തടവ് ശിക്ഷ.
വസ്ത്ര വ്യാപാരത്തിനിടയിൽ കണ്ട് മുട്ടിയ സിയാവോയും ഷു ഷുവും പിന്നീട് സുഹൃത്തുക്കളായി എന്നാൽ കോവിഡ് മൂലം കച്ചവടത്തിൽ ഉണ്ടായ ഇടിവിനെത്തുടർന്ന് ഇരുവർക്കും കട പൂട്ടേണ്ടി വന്നു. ഇതേതുടർന്നാണ് മോഷണം ആരംഭിക്കുന്നത്. രണ്ട് തവണ വിവാഹിതയും വിവാഹ മോചിതയുമായ ഷു ഷുവിന് ആദ്യ വിവാഹത്തിൽ മൂന്നും രണ്ടാമത്തേതിൽ നാലും കുട്ടികളുണ്ട്. തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ചൈനീസ് ശിക്ഷാ നിയമത്തിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ഇളവുകൾ ലക്ഷ്യം വച്ചായിരുന്നു യുവതികളുടെ മോഷണങ്ങളും അതിന് ശേഷമുള്ള രക്ഷപെടലും.
നഗരത്തിലെ വലിയ തുണിക്കടകളിൽ കയറി വസ്ത്രങ്ങൾ മറ്റൊരു കവറിലാക്കി രക്ഷപ്പെടുന്ന സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. വസ്ത്രങ്ങളിലെ സുരക്ഷാ ടാഗുകൾ പ്രവർത്തന രഹിതമാക്കാൻ തങ്ങൾ കാന്തങ്ങൾ ഉപയോഗിച്ചിരുന്നതായും മോഷ്ടിച്ച വസ്ത്രങ്ങൾ പിന്നീട് വിൽക്കുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ ഷു ഷു വെളിപ്പെടുത്തിയിരുന്നു.
അതേസമയം കുറ്റകൃത്യങ്ങൾക്കായി കുട്ടികളെ ഒരു വഴിയായി തിരഞ്ഞെടുക്കുന്ന സ്ത്രീകൾക്കെതിരെ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ജയിലിന് പുറത്താണെങ്കിലും ഇരുവരുടെയും വീടിന് ചുറ്റും പോലീസ് നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.