ഇസ്രയേലിനെതിരെ പ്രത്യാക്രമണം നടത്തിയത് ഇറാൻ കാണിച്ച ധൈര്യമാണെന്നും അത് യഥാർത്ഥത്തിൽ സന്തോഷം നൽകുന്ന ഒന്നാണെന്നും ഉടൻ ഫലം കാണുമെന്നും ഒമാൻ സുൽത്താന്റെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി. സാമൂഹികമാധ്യമമായ എക്സിലാണ് ഇറാന്റെ നടപടിയെ അഭിനന്ദിച്ച് മുഫ്തി പോസ്റ്റ് പങ്കുവെച്ചത്. “ഈ നടപടിയെയും ഇതുപോലുള്ള മറ്റു കാര്യങ്ങളെയും ഞങ്ങൾ അഭിനന്ദിക്കുന്നു, ഇത് രാജ്യത്തിൻ്റെ സേനയുടെ അന്തസ്സും സാന്നിധ്യവും സംരക്ഷിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തിന്മയ്ക്ക് ഒരു പ്രതിരോധം ഉണ്ടായിരിക്കണം, അല്ലാത്തപക്ഷം അത് പടരും ” എന്നാണ് മുഫ്തി പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.കൂടാതെ ഇസ്രയേലിനെയും അതിനെ പിന്തുണച്ചവർക്കും ഈ ആക്രമണം പ്രഹരമായെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. “അവരുടെ ശക്തി തകർക്കാനും മുസ്‌ലിംകളെ അവരുടെ തിന്മകളിൽ നിന്ന് മോചിപ്പിക്കാനും ഞങ്ങൾ കാത്തിരിക്കുകയാണ്,”എന്നും മുഫ്തി വ്യക്തമാക്കി. ഗാസയിലും പലസ്തീനിലുമുള്ള അടിച്ചമർത്തപ്പെട്ടവരെ പിന്തുണയ്ക്കാൻ രാജ്യം മുഴുവൻ മുൻകൈയെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഏപ്രിൽ 13 ശനിയാഴ്ച രാത്രി, ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിൽ മുന്നൂറോളം ഡ്രോണുകൾ പ്രയോഗിച്ചതായാണ് റിപ്പോർട്ട്. അതിൽ 99 ശതമാനവും മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായും പറയുന്നു.
എങ്കിലും പകുതിയോളം മിസൈലുകൾ വിജയകരമായി ഇസ്രായേലിൽ പതിച്ചതായാണ് പുറത്തുവരുന്ന വിവരം. ഏപ്രിൽ 1 തിങ്കളാഴ്ച ദമാസ്‌കസിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പ്രതികാരമായാണ് ഇറാൻ നേരിട്ട് ഇസ്രായേല്‍ പ്രദേശത്ത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇസ്രായേൽ ആണ് ആദ്യം മിസൈൽ ആക്രമണം നടത്തിയെന്നും ഇറാൻ ആരോപിച്ചു. അതിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡിലെ ജനറൽ മുഹമ്മദ് റെസ സഹേദി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.