Saturday, March 15, 2025

HomeWorldമുസ്ലീം പള്ളി നിര്‍മിക്കാനുള്ള പദ്ധതിയുമായി കൊറിയന്‍ യൂട്യൂബർ; പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു

മുസ്ലീം പള്ളി നിര്‍മിക്കാനുള്ള പദ്ധതിയുമായി കൊറിയന്‍ യൂട്യൂബർ; പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു

spot_img
spot_img

ദക്ഷിണ കൊറിയന്‍ പട്ടണമായ ഇഞ്ചിയോണില്‍ മുസ്ലീം പള്ളി നിര്‍മിക്കാന്‍ കൊറിയന്‍ മുസ്ലീം യൂട്യൂബറായ ദൗദ് കിം പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ പ്രദേശവാസികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു. പ്രതിഷേധം കടുത്തതിനെത്തുടര്‍ന്ന് ഭൂമി വാങ്ങാനായി തയ്യാറാക്കിയ കരാര്‍ ഭൂവുടമയുടെ അഭ്യര്‍ത്ഥന പ്രകാരം റദ്ദാക്കുകയായിരുന്നുവെന്ന് കൊറിയ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. കിം ജായേ ഹാന്‍ എന്നറിയപ്പെടുന്ന ദൗദ് കിം കരാര്‍ റദ്ദാക്കാന്‍ ഭൂവുടമയുമായി സമ്മതിച്ചു. ഭൂമി വിൽക്കുമ്പോൾ പള്ളി പണിയാനുള്ള കിമ്മിന്റെ പദ്ധതികളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഭൂവുടുമ അറിയിച്ചു.

ഒരു കൊറിയന്‍ മുസ്ലീമായി ജീവിക്കുന്നതിനെക്കുറിച്ചുള്ള പോസ്റ്റുകളാണ് കിം സാമൂഹികമാധ്യമം വഴി പങ്കുവയ്ക്കുന്നത്. യൂട്യൂബില്‍ 55 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ഇയാള്‍ക്കുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 35 ലക്ഷം പേരാണ് അദ്ദേഹത്തെ പിന്തുടരുന്നത്. ഇഞ്ചിയോണിലെ യോങ്‌ജോങ് ദ്വീപില്‍ 282,4 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് കിം വാങ്ങിയിരുന്നത്. 182 മില്ല്യണ്‍ വോണിനാണ് ( ഏകദേശം 1.13 കോടി രൂപ) കിം ഈ ഭൂമി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിരുന്നത്. 20 മില്ല്യണ്‍ വോണ്‍ ആദ്യഘട്ടമായി നല്‍കിയിരുന്നുവെന്നും ബാക്കി തുക വരും മാസങ്ങളില്‍ നല്‍കുമെന്നാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച വീഡിയോയില്‍ കിം പറഞ്ഞിരുന്നത്.

‘അവസാനം നിങ്ങളുടെ സഹായത്തോടെ, ഇഞ്ചിയോണില്‍ ഒരു മസ്ജിദ് പണിയാന്‍ ഭൂമി വാങ്ങുന്നതിനുള്ള കരാറില്‍ ഞാന്‍ ഒപ്പുവച്ചു. ഈ ദിവസം എത്തിച്ചേര്‍ന്നുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കൊറിയക്കാര്‍ക്കായി ഒരു പ്രാര്‍ത്ഥനാ സ്ഥലവും ഇസ്ലാമിക് പോഡ്കാസ്റ്റ് സ്റ്റുഡിയോയും നിര്‍മ്മിക്കാന്‍ ഞാന്‍ പദ്ധതിയിടുന്നുണ്ടെന്നും’’ കിം പറഞ്ഞിരുന്നു. ബാങ്ക് രേഖകളും അദ്ദേഹം ഓണ്‍ലൈനില്‍ പങ്കുവെച്ചിരുന്നു. കൂടാതെ സബ്‌ക്രൈബര്‍മാരോട് മസ്ജിദ് പണിയാന്‍ ആവശ്യമായ സംഭാവനകള്‍ നല്‍കാനും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്‌കൂളുകള്‍ക്കും റെസിഡന്‍ഷ്യല്‍ ഏരിയയ്ക്കും സമീപത്തായി മുസ്ലീം പള്ളി പണിയുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

2019ല്‍ കിമ്മിനെതിരേ ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു. വിദേശ വനിതയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള പ്രധാന കാരണം ഇതാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കിം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെക്കുറിച്ച് ഇര ടിക് ടോക്കില്‍ വീഡിയോ പങ്കുവെച്ചത് വൈറലായിരുന്നു. എന്നാല്‍, കിമ്മിനാണ് ഇതിലൂടെ കൂടുതല്‍ ശ്രദ്ധ ലഭിച്ചത്. ഇരയോട് ക്ഷമാപണം നടത്തിയതിനാല്‍ കേസ് അവസാനിപ്പിച്ചതായും തന്നെ ശിക്ഷിക്കാന്‍ ഇരയ്ക്ക് താത്പര്യമില്ലന്നും കിം വിശദീകരിച്ചിരുന്നു.

പള്ളി നിര്‍മിക്കാനുള്ള കിമ്മിന്റെ പദ്ധതി അയാളുടെ വ്യക്തിപരമായ താത്പര്യമാണെന്ന് കൊറിയന്‍ സര്‍ക്കാരിൽ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇസ്ലാമിക് സംഘടനയായ കൊറിയ മുസ്ലീം ഫെഡറേഷന്‍ അറിയിച്ചതായി കൊറിയ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറിയ മുസ്ലീം ഫെഡറേഷനുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള എല്ലാ മസ്ജിദുകളും കെഎംഎഫ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു വ്യക്തിയുടെ പേരില്‍ മസ്ജിദ് രജിസ്റ്റര്‍ ചെയ്യുന്നതിനോ ഫണ്ട് ശേഖരിക്കുന്നതിനോ ആര്‍ക്കും അനുമതിയില്ലെന്നും സംഘടന അറിയിച്ചിരുന്നു. ദക്ഷിണ കൊറിയയില്‍ 19 മോസ്‌കുകളാണ് ഉള്ളത്. 35,000 കൊറിയന്‍ സ്വദേശികളായ മുസ്ലീമുകളും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള 1.5 ലക്ഷം മുസ്ലീമുകളുമാണ് രാജ്യത്തുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments