വളർത്തു പൂച്ചയുടെ കാല് തട്ടി ഇൻഡക്ഷൻ കുക്കറിൽ നിന്നും ഉണ്ടായ തീപിടുത്തത്തിൽ ഉടമയ്ക്ക് നഷ്ടം 11 ലക്ഷത്തോളം രൂപ. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ വീട്ടിൽ ഏപ്രിൽ 4നാണ് സംഭവം. വീട്ടുടമസ്ഥയായ ദണ്ഡൻ പുറത്ത് പോയിരുന്ന സമയത്ത് ബ്രിട്ടീഷ് ഷോർട്ട്ഹെയർ വിഭാഗത്തിൽ ഉൾപ്പെടുന്ന പൂച്ചയുടെ കാല് അബദ്ധത്തിലാണ് ഇൻഡക്ഷൻ കുക്കറിൽ തട്ടിയത്. പാനൽ ചൂടായതോടെ വീട്ടിലെ മറ്റ് ഉപകരണങ്ങളിലേക്ക് തീ പടർന്നു. പ്രോപ്പർട്ടി മാനേജ്‌മെന്റ് സ്റ്റാഫുകളാണ് ദണ്ഡനെ വിവരം അറിയിച്ചത്.
ഈ സംഭവത്തോടെ താൻ തന്റെ ജിങ്കുവാഡിയോ എന്ന പൂച്ചയുടെ അക്കൗണ്ട് സിചുവാനിലെ ഏറ്റവും മോശം പൂച്ചയെന്ന് പുനർനാമകരണം ചെയ്തുവെന്നും ഒരു തീപിടുത്തക്കാരൻ എന്ന് ലേബൽ ചെയ്യുകയും ചെയ്തതായി തമാശ രൂപേണ ദണ്ഡൻ അക്കൗണ്ടിൽ കുറിച്ചു. തീപിടുത്തത്തിൽ പരിക്കേൽക്കാതെ രക്ഷപെട്ട പൂച്ചയെ അഗ്നിശമനസേനാംഗങ്ങൾ ചാരത്തിനിടയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തീപിടുത്ത സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് തന്റെ പൂച്ചയ്ക്ക് ക്ലാസ്സുകൾ വേണമെന്ന വിചിത്ര ആവശ്യം അഗ്നിശമന സംഘത്തോട് യുവതി ഉന്നയിച്ചു. ഓൺലൈൻ ക്ലാസ്സുകളിൽ പൂച്ച പങ്കെടുത്തതായി ദണ്ഡൻ പിന്നീട് അറിയിച്ചു. അതേസമയം കുക്കറിന്റെ പവർ ഓഫാക്കാതെ ഇരുന്നത് തന്റെ തെറ്റാണെന്നും അതിന് തനിക്ക് ക്ഷമ നൽകണമാണെന്നും ആവശ്യപ്പെട്ട് പൂച്ചയുടെ കാൽപാടും ഒപ്പം തന്റെ ഒപ്പും ഇട്ടൊരു കത്ത് ദണ്ഡൻ പങ്ക് വച്ചിരുന്നു.
എപ്പോഴും സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും ദണ്ഡൻ കത്തിൽ പ്രതിജ്ഞയെടുത്തു. ആധുനിക തരത്തിലുള്ള ഗ്യാസ് സ്റ്റൗവുകൾ ഉപയോഗത്തിൽ വന്ന ശേഷം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വളർത്തു മൃഗങ്ങൾ കാരണം തീപിടുത്തം ഉണ്ടാകുന്ന സംഭവങ്ങൾ വർധിച്ചതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് ഇവാലുവേഷൻ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
61 ഓളം വീടുകളിൽ ഇത്തരം അപകടങ്ങൾ ഉണ്ടായതായാണ് കണക്കുകൾ. കഴിഞ്ഞ സൂര്യ ഗ്രഹണ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ അമേരിക്കയിൽ സമാനമായ ഒരു തീപിടുത്തം നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ബർണറിൽ നിന്നും ഒരു വീടിന് തീപിടിക്കുകയും അഗ്നിശമനസേന എത്തി തീ കെടുത്തി വീട്ടിൽ നിന്നും 37 ഓളം പൂച്ചകളെ രക്ഷിക്കുകയും ചെയ്തിരുന്നു. തന്റെ പൂച്ചകളിൽ ആരുടെയോ കാൽ തട്ടിയതാകാം തീ പിടിയ്ക്കാനുണ്ടായ കാരണമെന്ന് ഉടമ പിന്നീട് പറഞ്ഞിരുന്നു.