ജറുസലം: ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത് 11 കുട്ടികൾ ഉൾപ്പെടെ 40 പേർ.
ഗാസയുടെ കൂടുതൽ മേഖലകൾ പിടിച്ചെടുക്കാൻ സൈനിക നടപടി വ്യാപിപ്പിക്കുകയാണെന്നു പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു. ഈ പ്രദേശങ്ങൾ ഇസ്രയേലിന്റെ സുരക്ഷാ മേഖലയിലേക്ക് കൂട്ടിച്ചേർക്കും.
എന്നാൽ, ഏതൊക്കെ പ്രദേശങ്ങളാണെന്നു വ്യക്തമാക്കിയില്ല. റഫയിലെയും പരിസരപ്രദേശങ്ങളിലെയും പലസ്തീൻകാരോട് ഒഴിയാൻ സൈന്യം ആവശ്യപ്പെട്ടു.. ഗാസ അതിർത്തിയിൽ ബഫർസോൺ ദീർഘകാലമായി ഇസ്രയേൽ നിലനിർത്തുന്നുണ്ട്. യുദ്ധം ആരംഭിച്ചശേഷം ഇതു കൂടുതൽ വ്യാപിപ്പിച്ചു.
ഇന്നലത്തെ ആക്രമണങ്ങളിൽ ഖാൻ യൂനിസിൽ രണ്ടു കുട്ടികളടക്കം 17 പേരും വടക്കൻ ഗാസയിൽ 15 പേരും കൊല്ലപ്പെട്ടു. നാസർ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങളിൽ ഒരു ഗർഭിണി ഉൾപ്പെടെ അഞ്ചു സ്ത്രീകളുമുണ്ട്. ജബാലിയ അഭയാർഥിക്യാംപിനുനേരെയുണ്ടായ ബോംബാക്രമണത്തിലാണ് ഒൻപത് കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടത്.