ബുഡാപെസ്‌റ്റ്: ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന് ആതിഥ്യമരുളുന്നതിനായി ഹംഗറി അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽനിന്ന് (ഐസിസി) പിന്മാറി. ഗാസയിലെ യുദ്ധക്കുറ്റത്തിന് ഐസിസിയുടെ അറസ്റ്റ് വാറണ്ടുള്ള നെതന്യാഹു ബുഡാപെസ്‌റ്റിൽ വിമാനമിറങ്ങിയതിന് പിന്നാലെ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബന്റെ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ ആരോപിക്കപ്പെട്ട യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും നെതന്യാഹുവിന് “ക്രിമിനൽ ഉത്തരവാദിത്തം” ഉണ്ടെന്ന് ഐസിസി ജഡ്ജിമാർ വിധിച്ചിരുന്നു. നവംബറിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചയുടൻ ഓർബൻ നെതന്യാഹുവിനെ ഹംഗറിയിലേക്ക് ക്ഷണിച്ചിരുന്നു.
ഐസിസി വിടുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാണ്. ഐസിസിയിൽ 125 രാജ്യങ്ങളാണുള്ളത്. ഇന്ത്യ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങൾ അംഗങ്ങളല്ല.