ക്വലാലംപൂര്‍: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എംഎച്ച് 370 വിമാനത്തിനായുള്ള തെരച്ചില്‍ മലേഷ്യ നിര്‍ത്തിവെച്ചു. ഈ വര്‍ഷം അവസാനം തെരച്ചില്‍ പുനരാരംഭിക്കുമെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ലോക് സ്യൂ ഫൂക്ക് പറഞ്ഞു. എന്നാല്‍ ഇത്രയും ഇടവേള എടുക്കുന്നത് എന്തുകൊണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.
2014 മാര്‍ച്ച് എട്ടിനാണ് 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലംപൂരില്‍ നിന്ന് ചൈനയിലെ ബീജിംഗിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം യാത്രാമധ്യേ അപ്രത്യക്ഷമായത്. 2018ല്‍ നിര്‍ത്തിയ തെരച്ചിലാണ് പുനരാരംഭിച്ചത്. ടെക്‌സസ് ആസ്ഥാനമായുള്ള മറൈന്‍ റോബോട്ടിക്‌സ് കമ്പനിക്കാണ് മലേഷ്യന്‍ സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കിയത്. അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന കമ്പനിക്ക് 70 മില്യണ്‍ ഡോളര്‍ (ഏകദേശം 600 കോടി രൂപ) നല്‍കൂ എന്നാണ് വ്യവസ്ഥ.
വിമാനം കാണാതായതിനെ കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങളാണുള്ളത്. . വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണു എന്നതായിരുന്നു ഒരു നിഗമനം. അപകടത്തെക്കുറിച്ച് യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക്മറുപടി നല്‍കേണ്ടതുണ്ടെന്നും അതിനാലാണ് തെരച്ചില്‍ പുനരാരംഭിച്ചതെന്നും മലേഷ്യന്‍ ഗതാഗത മന്ത്രി പറഞ്ഞു.
ക്വലാലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന് 40 മിനിറ്റിന് ശേഷം എംഎച്ച് 370മായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണിരിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആഫ്രിക്കന്‍ തീരത്തേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലേക്കും ഒഴുകിപ്പോയിരിക്കാമെന്ന് അഭിപ്രായമുയര്‍ന്നു. 2018ലാണ് അവസാനമായി വിമാനത്തിനായി തെരച്ചില്‍ നടത്തിയത്. അന്ന് തിരച്ചില്‍ നടത്തിയ ഓഷ്യന്‍ ഇന്‍ഫിനിറ്റിയുമായാണ് മലേഷ്യ, വീണ്ടും തെരച്ചിലിനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. വീണ്ടും തെരച്ചില്‍ നടത്താനുള്ള മലേഷ്യന്‍ സര്‍ക്കാറിന്റെ പുതിയ തീരുമാനത്തെ കാണാതായവരുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്യുകയുണ്ടായി.