ബ്രസല്‍സ്: യുക്രെയിന്‍ – റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച റഷ്യ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി ഫ്രാന്‍സും ബ്രിട്ടണും. റഷ്യന്‍ പ്രസിഡന്റ് പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ കടുംപിടുത്തമാണ് ഇതിനു പിന്നില്‍. ഒരു മാസത്തേയ്ക്ക് വെടി നിര്‍ത്തല്‍ വേണമെന്ന അമേരിക്കന്‍ നിര്‍ദേശം റഷ്യ തള്ളിയതിനു പിന്നാലെയായിരുന്നു ഇരു രാജ്യങ്ങളുടേയും പ്രതികരണം.
അമേരിക്കയ്ക്ക് മറുപടി നല്‍കാന്‍ റഷ്യ ബാധ്യസ്ഥരാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റും പറഞ്ഞു.
ആശയക്കുഴപ്പമുണ്ടാക്കി വെടിനിര്‍ത്തല്‍ ചര്‍ച്ച പുട്ടിന്‍ നീട്ടിക്കൊണ്ടുപോവുകയാണെന്നും വെടിനിര്‍ത്തല്‍ ഉടമ്പടി അംഗീകരിക്കുമ്പോഴും യുക്രെയ്ന്‍ ജനതയുടെയും വൈദ്യുതി വിതരണ മേഖലയുടെയും മേല്‍ ബോംബിടുന്നത് റഷ്യ തുടരുകയാണെന്നും ലാമി വ്യക്തമാക്കി.വെടിനിര്‍ത്തലില്‍ വ്യത്യസ്ത നിലപാട് കൈക്കൊള്ളുന്ന പുട്ടിന്‍ യുദ്ധക്കുറ്റങ്ങള്‍ തുടരുകയാണെന്ന് ബാരറ്റ് കുറ്റപ്പെടുത്തി. ഇതിനിടെ റഷ്യയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനായി 1.60 ലക്ഷം പേര്‍ക്ക് തിങ്കളാഴ്ച പുട്ടിന്‍ ഉത്തരവ് നല്‍കി. ഒരു വര്‍ഷത്തേയ്ക്കാണ് നിര്‍ബന്ധിത സൈനീക സേവനം.