റിയാദ്: സൗദി അറേബ്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഇനി മുതല്‍ രാജ്യത്ത് സ്വന്തമായി ഭൂമിയും വാങ്ങാന്‍ സാധിക്കും. വിദേശ നിക്ഷേപകര്‍ക്കായി സ്വന്തമായി വസ്തു വാങ്ങിക്കുവാനുള്ള വാതില്‍ തുറന്നു നല്‍കുകയാണ് സൗദി. ഇതോടെ വിദേശീയര്‍ക്ക് നിക്ഷേപം നടത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയില്‍ റിയല്‍ എസ്റ്റേറ്റ് വസ്തുക്കള്‍ വാങ്ങാനും വില്‍ക്കാനും അനുമതി ലഭിക്കും. എന്നാല്‍ ഇതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
എന്നിരുന്നാലും ബിസിനസ് ആവശ്യത്തിന് വേണ്ടി ഭൂമി ഉപയോഗിക്കാനായി അനുമതി നല്‍കുന്ന പുതിയ അനുകൂല ചട്ടങ്ങള്‍ സൗദി അറേബ്യയില്‍ നിക്ഷേപകരായെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളാകും ഒരുക്കി നല്‍കുക. വിദേശ നിക്ഷേപകര്‍ക്ക് സൗദിയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി നിക്ഷേപ മന്ത്രാലയം പുതിയൊരു പദ്ധതി കൂടി അവതരിപ്പിച്ചിരിക്കുന്നത്.
സൗദിയില്‍ വ്യക്തിഗത താമസത്തിനോ, വ്യാവസായിക ആവശ്യങ്ങള്‍ക്കോ, കമ്പനി ആസ്ഥാനം സ്ഥാപിക്കുന്നതിനോ, ജീവനക്കാര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ, വെയര്‍ഹൗസുകള്‍ നിര്‍മിക്കുന്നതിനോ, റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപ മന്ത്രാലയത്തിന്റെ അനുമതി തേടണം. ഇതിന് പ്രത്യേക ഫീസൊന്നും ഈടാക്കുന്നില്ല. ഇതിനായി മന്ത്രാലയത്തിന്റെ ഇ-സര്‍വീസസ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നല്‍കി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അംഗീകാരവും ലഭിക്കും.
അതേസമയം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വാങ്ങുന്ന സ്ഥലം മക്ക, മദീന എന്നീ വിശുദ്ധ നഗരങ്ങളുടെ അതിര്‍ത്തിക്ക് പുറത്തായിരിക്കണം എന്നതാണ്. ദീര്‍ഘകാല നിക്ഷേപം ലക്ഷ്യമിട്ടുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കാണ് അനുമതി ലഭിക്കുക. ഇനി സ്ഥലം സ്വന്തമാക്കുന്നതിനും മറ്റുമായി ആവശ്യമായി വരുന്ന രേഖകള്‍ എന്തെല്ലാമാണ് എന്ന് നോക്കാം.
മുനിസിപ്പാലിറ്റിയുടെ കെട്ടിട പെര്‍മിറ്റിന്റെ പകര്‍പ്പ്, മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള അംഗീകാര കത്ത്, അല്ലെങ്കില്‍ ഒരു ഔദ്യോഗിക അധികാരി നല്‍കുന്ന ഭൂമിയുടെ ഉദ്ദേശിച്ച ഉപയോഗം സൂചിപ്പിക്കുന്ന ഒരു പ്രസ്താവന. വസ്തു ആധാരത്തിന്റെ പകര്‍പ്പ് എന്നിവ നിര്‍ബന്ധമാണ്.